X

ട്രെയിന്‍ കാലിയാക്കി ഓടിച്ച് റെയില്‍വേയുടെ പരിഷ്‌കാരം

ട്രെയിനുകളില്‍ അണ്‍ റിസേര്‍വ്ഡ് കോച്ചുകള്‍ അനുവദിച്ചു പഴയ നിലയിലേക്ക് മാറുമ്പോഴും തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍ റെയില്‍വേ തുടരുന്നു. മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് രാവിലെ 10 മണിക്ക് കോഴിക്കോട്ടെത്തുന്ന 16610 നമ്പര്‍ മംഗലാപുരം-കോഴിക്കോട് എക്‌സ്പ്രസ് വണ്ടി പൂര്‍ണ്ണമായും റിസര്‍വ്ഡ് ആക്കി മാറ്റിയതാണ് ഇത്തരത്തിലുളള പുതിയ തീരുമാനം. റിസര്‍വ്ഡ് ആക്കി മാറ്റിയതിനാല്‍ ട്രെയിന്‍ ഏതാണ്ട് കാലിയായാണ് ഇപ്പോള്‍ ഓടുന്നത്.
പാസഞ്ചര്‍ ആയി ഓടിയിരുന്നപ്പോള്‍ നിറയെ ആളുകളുണ്ടായിരുന്ന ട്രെയിന്‍ ആണിത്. നിത്യജോലിക്കും മറ്റുമായി കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ആയിരങ്ങള്‍ ആശ്രയിച്ചിരുന്ന വണ്ടി. എന്ത് ആവശ്യത്തിനാണ് റിസര്‍വ്ഡ് ആക്കി ട്രെയിന്‍ കാലിയായി ഓടിക്കുന്നതെന്നാണ് യാത്രക്കാരുടെ ചോദ്യം. നേരത്തെ പാസഞ്ചര്‍ ആയി ഓടിയപ്പോള്‍ കോഴിക്കോടിനും തലശ്ശേരിക്കുമിടയിലുള്ള പത്ത് സ്റ്റേഷനുകളെ എക്‌സ്പ്രസ് ആയപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്. 2.05 ന് തിരിച്ച് മംഗലാപുരത്തേക്കു പോകുന്ന വണ്ടിക്കും പൂര്‍ണ്ണമായും റിസര്‍വ്ഡ് ആണ്. ആളുകള്‍ കയാറാതിരുന്നാല്‍ റെയില്‍വേക്ക് നഷ്ടമാണെന്നിരിക്കെ ആരാണ് ഇത്തരം മണ്ടന്‍ തീരുമാനങ്ങളെടുക്കുന്നതെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്.

 

web desk 3: