X

മോദിയുടെ നുണകൾ പഴയതുപോലെ ഫലിക്കുന്നില്ല; എൻഡിഎ സ്ഥാനാർത്ഥികൾക്കെഴുതിയ കത്തിലെ ഭാഷ പ്രധാനമന്ത്രിയുടെ ഓഫീസിന് ചേർന്നതല്ല: മല്ലികാർജുൻ ഖാർഗെ

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരമായി കള്ളം പറയുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദി എൻഡിഎ സ്ഥാനാർത്ഥികൾക്കെഴുതിയ കത്തിലെ ഭാഷ പ്രധാനമന്ത്രിയുടെ ഓഫീസിന് ചേർന്നതല്ലെന്ന് ഖാർഗെ പറഞ്ഞു. മോദിയുടെ നുണകൾ പഴയതുപോലെ ഫലിക്കുന്നില്ലെന്നും അതുകൊണ്ടാണ് ബിജെപി സ്ഥാനാർത്ഥികളോട് നുണകൾ ആവർത്തിക്കാൻ ആവശ്യപ്പെടുന്നതെന്നും ഖാർഗെ പരിഹസിച്ചു. കോൺഗ്രസിന്‍റെ പ്രകടനപത്രികയെ സംബന്ധിച്ച് എത്ര നുണകൾ പ്രചരിപ്പിച്ചാലും പ്രബുദ്ധരായ ജനതയെ കബളിപ്പിക്കാനാവില്ല. ഒരു നുണ ആയിരം തവണ ആവർത്തിച്ചാൽ അതു സത്യമാവില്ലെന്നും ഖാർഗെ മോദിക്ക് എഴുതിയ കത്തിൽ പറഞ്ഞു.

കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലളിതവും വ്യക്തവുമാണ്. കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങളും ഉറപ്പുകളും വായിച്ചുമനസിലാക്കാന്‍ പ്രബുദ്ധരായ ജനങ്ങള്‍ക്ക് സാധിക്കും. വ്യാജപ്രചാരണങ്ങള്‍ കൊണ്ട് അവരെ തെറ്റിദ്ധരിപ്പിക്കാനാവില്ല. കോണ്‍ഗ്രസ് പ്രീണന രാഷ്ട്രീയം നടത്തുകയാണെന്നാണ് നിങ്ങള്‍ ആരോപിക്കുന്നത്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ നിങ്ങളുടെ സര്‍ക്കാരിന്‍റെ പ്രകടനത്തെക്കുറിച്ച് ഞങ്ങള്‍ കാണുന്നുണ്ട്. ചൈനയോടുള്ള നിങ്ങളുടെ പരസ്യമായ ‘ക്ലീന്‍ ചിറ്റ്’, ഇന്ത്യയുടെ വാദത്തെ ദുര്‍ബലപ്പെടുത്തുകയാണ്.

അരുണാചല്‍ പ്രദേശ്, ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ എല്‍എസിക്ക് സമീപം ചൈനയുടെ ആവര്‍ത്തിച്ചുള്ള അതിക്രമങ്ങളും സൈനിക അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണവും മൂലം പിരിമുറുക്കം വര്‍ദ്ധിക്കുമ്പോഴും, ഇന്ത്യയിലേക്കുള്ള ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മാത്രം 54.76% വര്‍ദ്ധിച്ചുവെന്നും ഖാര്‍ഗെ ചൂണ്ടിക്കാണിച്ചു.

സംവരണം അവസാനിപ്പിക്കാന്‍ വേണ്ടി ഭരണഘടനയില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നത് ആര്‍എസ്എസും ബിജെപിയും ആണെന്ന് എല്ലാവര്‍ക്കും അറിയാം. നിങ്ങളുടെ നേതാക്കള്‍ അതിനെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16 പ്രകാരം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനെ നിങ്ങള്‍ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇലക്ടറല്‍ ബോണ്ടിനെ കുറിച്ചും അദ്ദേഹം കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഗുജറാത്തിലെ പാവപ്പെട്ട ദളിത് കര്‍ഷകരില്‍ നിന്ന് തട്ടിയെടുത്ത് ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടായി നല്‍കിയ 10 കോടി രൂപ തിരികെ നല്‍കാന്‍ നിങ്ങളുടെ പാര്‍ട്ടിയോട് ഞാന്‍ ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന്‍റെ ആദ്യ രണ്ട് ഘട്ടങ്ങളില്‍ വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞതില്‍ നിങ്ങള്‍ ആശങ്കയിലാണെന്ന് നിങ്ങളുടെ കത്തില്‍ നിന്ന് മനസിലാകുന്നുണ്ട്. ജനങ്ങള്‍ക്ക് നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലും പ്രചാരണ പ്രസംഗങ്ങളിലും താത്പര്യമില്ലെന്നും അതിനാലാണ് വോട്ട് ചെയ്യാത്തതെന്നും അദ്ദേഹം പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന അസമത്വത്തെക്കുറിച്ച് സംസാരിക്കാനോ മ്മുടെ ജനങ്ങളെ ബാധിക്കുന്ന തൊഴിലില്ലായ്മയെക്കുറിച്ചും അഭൂതപൂര്‍വമായ വിലക്കയറ്റത്തെക്കുറിച്ചും സംസാരിക്കാനോ നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്തതെന്തുകൊണ്ടാണെന്നും ഖാര്‍ഗെ ചോദിച്ചു. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍, അനിവാര്യമായ തോല്‍വി ഒഴിവാക്കാന്‍ നുണകള്‍ നിറഞ്ഞതും വിഭാഗീയത സൃഷ്ടിക്കുന്നതുമായ പ്രസംഗങ്ങളില്‍ മുഴുകിയ പ്രധാനമന്ത്രിയായി മാത്രമേ ആളുകള്‍ നിങ്ങളെ ഓര്‍ക്കുകയുള്ളൂവെന്നും ഖാര്‍ഗെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

webdesk13: