X

മൊഹാലി ടെസ്റ്റ്: ആദ്യ ദിനം ഇന്ത്യക്ക്, ഇംഗ്ലണ്ട് എട്ടിന് 268

മൊഹാലി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച. ഒന്നാം ദിനം സ്റ്റമ്പ് എടുക്കുമ്പോള്‍ ഇംഗ്ലണ്ട് എട്ടിന് 268 റണ്‍സെന്ന നിലയിലാണ്. ആദില്‍ റാഷിദ്(4) ഗാരെത് ബാട്ടി(0) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി ജയന്ത് യാദവ്, ഉമേഷ് യാദവ്, രവീന്ദ്ര ജദേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഷമി, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. 89 റണ്‍സെടുത്ത ബയര്‍‌സ്റ്റോവാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ജോസ് ബട്ട്‌ലര്‍ 43 റണ്‍സെടുത്തു.

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞടുക്കുകയായിരുന്നു. ഹസീബ് ഹമീദിനെ(9) പുറത്താക്കി ഉമേഷ് യാദവാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. ഇംഗ്ലണ്ട് സ്‌കോര്‍ 32ല്‍ നില്‍ക്കെയായിരുന്നു ഹസീബ് പുറത്തായത്. 15 റണ്‍സെടുത്ത ജോ റൂട്ടും ക്യാപ്റ്റന്‍ അലസ്റ്റയര്‍ കുക്കും(27) മുഈന്‍ അലിയും(16) പുറത്തായതോടെ ഇംഗ്ലണ്ട് നാലിന് 87 എന്ന തകര്‍ന്ന നിലയിലായി.അഞ്ചാം വിക്കറ്റില്‍ ബെന്‍ സ്‌റ്റോക്കും ബയര്‍ സ്റ്റോവുമാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്.

ഈ സഖ്യം 57 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ജദേജയെ ക്രീസ് വിട്ടടിക്കാനുള്ള സറ്റോക്കിന്റെ(29) ശ്രമം പരാജയപ്പെട്ടു. സ്റ്റോക്കിനെ ബീറ്റ് ചെയ്ത പന്ത് പാര്‍ത്ഥിവ് പട്ടേല്‍ സ്റ്റമ്പ് ചെയ്യുകയായിരുന്നു.പിന്നീട് വന്ന ബട്ട്‌ലറെ കൂട്ടുപിടിച്ച് ബയര്‍‌സ്റ്റോ സ്‌കോര്‍ ബോര്‍ഡ് 200 കടത്തി. ബട്ട്‌ലറെ കോഹ്ലിയുടെ കൈകളിലെത്തിച്ച് ജദേജ ഇംഗ്ലണ്ടിനെ വീണ്ടും പ്രതിരോധത്തിലാക്കി. സെഞ്ച്വറിയിലേക്ക് കുതിച്ച ബയര്‍‌സ്റ്റോവിനെ ജയന്ത് യാദവും വാലറ്റത്ത് ചെറുത്ത് നിന്ന ക്രിസ് വോക്‌സിനെ(25) ഉമേഷും മടക്കി. 177 പന്തില്‍ നിന്ന് ആറു ബൗണ്ടറികളുടെ മികവിലായിരുന്നു ബയര്‍‌സ്റ്റോവിന്റെ ഇന്നിങ്‌സ്. നാളെ ആദ്യ സെഷനില്‍ തന്നെ ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി തള്ളിയിടാനാവും ഇന്ത്യ ശ്രമിക്കുക.

chandrika: