X
    Categories: MoreViews

ക്രിക്കറ്റ് ഭരണത്തിന് അസ്ഹറും

ഹൈദരാബാദ് : ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി അദ്ദേഹം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ലോധ കമ്മിറ്റി ശിപാര്‍ശകളെ തുടര്‍ന്ന് നിലവിലെ പ്രസിഡണ്ട് അര്‍ഷദ് അയ്യൂബ് രാജിവെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ലോധ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ ക്രിക്കറ്റ് ഭരണത്തിലേക്ക് പുതുമുഖങ്ങള്‍ക്ക് വഴിയൊരുക്കിയെന്നും ഹൈദരാബാദ് ക്രിക്കറ്റിനെ ഭാവിയില്‍ ശോഭനമായ തലത്തിലേക്ക് ഉയര്‍ത്താനാണ് തന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയുടെ ബാധ്യതകള്‍ പേറുന്നുണ്ടെന്നും യാതൊരു വികസനവും ഇവിടെ നടക്കുന്നില്ലെന്നും അസ്ഹര്‍ പറഞ്ഞു. തെലങ്കാന ക്രിക്കറ്റിനെ അഭിവൃദ്ധിയിലേക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വജനപക്ഷപാതവും അഴിമതിയുമാണ് ഹൈദരാബാദ് ക്രിക്കറ്റിന്റെ തലവേദന. അര്‍ഹരായവര്‍ക്ക് പരിഗണന ലഭിക്കുന്നില്ല. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ പ്രതിഭകളായ യുവതാരങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറുകയാണ്. അടുത്തിടെ രണ്ടു താരങ്ങള്‍ ആന്ധ്രയിലേക്കും, ബംഗാളിലേക്കും പോയതായും അസ്ഹര്‍ പറഞ്ഞു. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ അസ്ഹറുദ്ദീന് ബി.സി.സി.ഐ കോഴ വിവാദത്തെ തുടര്‍ന്ന് 2000ല്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിയമ പോരാട്ടത്തിനൊടുവില്‍ ആന്ധ്രപ്രദേശ് ഹൈക്കോടതി അസ്ഹറിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ ഭരണ കാലത്ത് മൊറാദാബാദില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയായിരുന്നു അസ്ഹര്‍. എന്നാല്‍ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ തോങ്ക്-മധേപൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ചു പരാജയപ്പെടുകയായിരുന്നു. നേരത്തെ ബാഡ്മിന്റണ്‍ അസോസിയേഷനിലേക്കു മത്സരിക്കാന്‍ അസ്ഹര്‍ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

chandrika: