X

അസ്ഹര്‍ ബൗള്‍ഡ്

ഹൈദരാബാദ്: ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് സ്ഥാനത്തേക്കു മത്സരിക്കുന്നതിനായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ സമര്‍പ്പിച്ച അപേക്ഷ വരണാധികാരി കെ രാജീവ് റെഡ്ഢി തള്ളി. വാതു വെപ്പു കേസില്‍ ബി.സി.സി.ഐ അസ്ഹറിനുള്ള വിലക്ക് പിന്‍വലിക്കാത്തതും അസ്ഹര്‍ എച്ച്.സി.എ വോട്ടറാണോ എന്ന കാര്യത്തിലുള്ള അവ്യക്തതയുമാണ് അപേക്ഷ തള്ളാന്‍ കാരണം.

അസ്ഹറിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് പിന്‍വലിച്ചിട്ടുണ്ടോ എന്നാരാഞ്ഞു കൊണ്ട് രാജീവ് റെഡ്ഢി ബി.സി.സി.ഐക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടി ലഭിച്ചിരുന്നില്ല. അതേ സമയം അപേക്ഷ തള്ളിയ സംഭവത്തില്‍ താന്‍ അതീവ ദുഖിതനും നിരാശനുമാണെന്നായിരുന്നു അസ്ഹറിന്റെ പ്രതികരണം. കോടതി തന്നെ കുറ്റവിമുക്തനാക്കിയതാണ്.

1992, 96, 1999 ലോകകപ്പുകളില്‍ ഇന്ത്യയെ നയിച്ച അസ്ഹറിനെ കോഴ വിവാദത്തെ തുടര്‍ന്ന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ അസ്ഹര്‍ നടത്തിയ നിയമ യുദ്ധത്തിനൊടുവില്‍ ആന്ധ്ര ഹൈക്കോടതി 2011ല്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. അതേ സമയം കോടതി വിധി പുറത്തു വന്നതിനു ശേഷവും ബി.സി.സി.ഐ അസ്ഹറിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചിരുന്നില്ല.

മുന്‍ ക്രിക്കറ്റര്‍മാര്‍ക്ക് ബി.സി.സി.ഐ നല്‍കി വരുന്ന പെന്‍ഷന്‍ 2000 മുതല്‍ അസ്ഹറിന് നല്‍കുന്നില്ല. അതേ സമയം എച്ച്.സി.എ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനെതിരെ അസ്ഹര്‍ കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്. ഇതോടൊപ്പം സുപ്രീം കോടതി നിയോഗിച്ച ലോധ കമ്മിറ്റിയെ സമീപിക്കാനും അദ്ദേഹത്തിനാവും. അസ്ഹറിന്റെ അപേക്ഷ തള്ളിയതോടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മുന്‍ എം.പി ജി വിവേക്, മുന്‍ക്രിക്കറ്റര്‍ എം.എല്‍ ജയ്‌സിംഹയുടെ മകന്‍ വിദ്യുത് ജയസിംഹ എന്നീ രണ്ടു പേര്‍ മാത്രമാണ് മത്സര രംഗത്തുള്ളത്.

chandrika: