X

രഞ്ജി ട്രോഫി കിരീടം ഗുജറാത്തിന്

ഇന്‍ഡോര്‍: രഞ്ജി ട്രോഫിയില്‍ ഗുജറാത്തിന് പുതുചരിതം. 41 തവണ ചാമ്പ്യന്‍മാരായ കരുത്തരായ മുംബൈയെ ഫൈനലില്‍ അഞ്ചു വിക്കറ്റിന് മുട്ടുകുത്തിച്ചാണ് എട്ട് പതിറ്റാണ്ട് കാലത്തെ രഞ്ജി ചരിത്രത്തിലാദ്യമായി ഗുജറാത്ത് കപ്പില്‍ മുത്തമിട്ടത്. ഗുജറാത്തിന്റെ രണ്ടാമത്തെ രഞ്ജി ഫൈനലാണിത്. 1951ലാണ് അവര്‍ ഇതിന് മുന്‍പ് ഫൈനല്‍ കളിച്ചത്. മുംബൈയ്‌ക്കെതിരെ ജയിക്കാന്‍ അവസാന ദിവസം 291 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്ത് 89 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ലക്ഷ്യം കണ്ടത്.

പാര്‍ഥിവ് പട്ടേലിന്റെ സെഞ്ച്വറിയും ജുനേജയുടെ അര്‍ധസെഞ്ച്വറിയുമാണ് ഗുജറാത്തിന് ചരിത്ര ജയം സമ്മാനിച്ചത്. 196 പന്തില്‍ 24 ബൗണ്ടറികളുടെ സഹായത്തോടെയാണ് പാര്‍ഥിവ് പട്ടേല്‍ 143 റണ്‍സ് അടിച്ചു കൂട്ടിയത്. ജുനേജ 115 പന്തില്‍ എട്ട് ബൗണ്ടറികളുടെ സഹായത്തോടെ 54 റണ്‍സെടുത്തു. വിക്കറ്റ് നഷ്ടം കൂടാതെ 47 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഗുജറാത്തിന് റണ്ണൊന്നും കൂട്ടിച്ചേര്‍ക്കും മുമ്പേ ആദ്യ വിക്കറ്റ് നഷ്ടമായി.

നാല് റണ്‍സിന് ചേര്‍ക്കുമ്പോഴേക്കും രണ്ടാം വിക്കറ്റും 89 റണ്‍സായപ്പോഴേക്കും മൂന്നാം വിക്കറ്റും നഷ്ടമായി. ഇതോടെ മുംബൈയുടെ വിജയ പ്രതീക്ഷകള്‍ സജീവമായി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ക്യാപ്റ്റന്‍ പാര്‍ത്ഥിവ് പട്ടേലും ജുനേജയും ചേര്‍ന്ന് 116 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ മുംബൈയുടെ കൈകളില്‍ നിന്നും മത്സരം ഗുജറാത്ത് കവര്‍ന്നു. കളി അവസാനിക്കുമ്പോള്‍ ചിരാഗ് ഗാന്ധി 11 റണ്‍സോടെയും രുജുല്‍ ഭട്ട് 27 റണ്‍സുമായും പുറത്താകാതെ നിന്നു. പാര്‍ത്ഥിവ് പട്ടേല്‍ ആദ്യ ഇന്നിങ്‌സില്‍ 90 റണ്‍സെടുത്തിരുന്നു.

chandrika: