X

ചില്ലറയില്ല; സംസ്ഥാനം സ്തംഭിച്ചു

തിരുവനന്തപുരം: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുള്ള ആദ്യദിനം സംസ്ഥാനത്തെ സാമ്പത്തിക ഇടപാടുകള്‍ നിലച്ചു. നോട്ടുകള്‍ കൈവശമുണ്ടായിരുന്നവര്‍ക്ക് അത് മാറാനോ സാധനങ്ങള്‍ വാങ്ങാനോ ഇടപാടുകള്‍ നടത്താനോ കഴിഞ്ഞില്ല. നോട്ടുകള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്ന പെട്രോള്‍ പമ്പുകള്‍, ആസ്പത്രികള്‍, റെയില്‍വെ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ മുതല്‍ തന്നെ പെട്രോള്‍പമ്പുകള്‍ ചില്ലറയില്ലെന്ന കാരണത്താല്‍ നോട്ടുകള്‍ സ്വീകരിക്കാതെയായി.

റെയില്‍വെ സ്റ്റേഷനുകളിലാകട്ടെ യാത്രാ ടിക്കറ്റിനു മാത്രമാണ് അഞ്ഞൂറ്, ആയിരം രൂപാ നോട്ടുകള്‍ സ്വീകരിച്ചത്. പത്ത് രൂപക്കുള്ള പ്ലാറ്റ് ഫോം ടിക്കറ്റുമുതല്‍ ഹ്രസ്വദൂര ടിക്കറ്റുകള്‍ വരെയെടുത്ത് അഞ്ഞൂറും ആയിരവും ചില്ലറമാറ്റാന്‍ ജനം തടിച്ചുകൂടിയതോടെ റെയില്‍വെ ചില്ലറയില്ലാ പ്രതിസന്ധിയിലായി. ചില്ലറ പണമിടപാടുകള്‍ക്ക് ആളുകളെത്തിയതോടെ പോസ്റ്റോഫീസുകളും പൂട്ടിയിടേണ്ട അവസ്ഥയായി. ചില്ലറയില്ലെന്ന കാരണത്താല്‍ ആളുകളെ മടക്കി അയക്കാന്‍ തുടങ്ങിയതോടെ വാക്കു തര്‍ക്കം പലേടത്തും സംഘര്‍ഷത്തിനും ഇടയാക്കി. സ്വകാര്യ ആസ്പത്രികളില്‍ ചികിത്സക്കെത്തിയവരും പ്രതിസന്ധിയിലായി. മിക്കവരുടേയും കയ്യില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളായിരുന്നു.

 

ഒ.പി ടിക്കറ്റ് നല്‍കാന്‍ പോലും ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതോടെ രോഗികള്‍ പലരും മടങ്ങിപ്പോയി. അടിയന്തര ശസ്ത്രക്രിയ വേണ്ട പലര്‍ക്കും പണമടക്കാനും സാധിച്ചില്ല.
അഞ്ഞൂറും ആയിരവും സ്വീകരിക്കുന്നത് സര്‍ക്കാര്‍ ആസ്പത്രികളില്‍ മാത്രമെന്നായിരുന്നു സ്വകാര്യ ആസ്പത്രികളുടെ നിലപാട്. അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളജ് അടക്കമുള്ള ആയിരക്കണക്കിന് രോഗികള്‍ വന്നുപോകുന്ന വലിയ സ്ഥാപനങ്ങളില്‍ പോലും ചില്ലറയില്ലാത്ത പ്രശ്‌നം രൂക്ഷമായിരുന്നു. നോട്ട് ക്ഷാമം പരിഹരിക്കാന്‍ സ്ഥാപനങ്ങള്‍ എസ്.ബി.ഐയുടെ സഹായം തേടിയെങ്കിലും പ്രയോജനമുണ്ടായില്ല. സംസ്ഥാനത്ത് സര്‍വ മേഖലകളും സ്തംഭിച്ച ദിവസമായിരുന്നു ഇന്നലെ. ഇത് സംസ്ഥാന സര്‍ക്കാര്‍ തന്നെ ഔദ്യോഗികമായി അറിയിച്ചു.

 

വ്യാപാരസ്ഥാപനങ്ങള്‍ തുറന്നെങ്കിലും കച്ചവടം നടന്നില്ല. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും മീന്‍, മാസം, പച്ചക്കറി മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവയെല്ലാം നോക്കുകുത്തിയായി. തിരുവനന്തപുരത്ത് ചാല മാര്‍ക്കറ്റില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് വ്യാപാരം നടന്നത്.
റജിസ്‌ട്രേഷന്‍ ഓഫീസുകളില്‍ ആധാരം റജിസ്റ്റര്‍ നടന്നില്ല. വൈദ്യുതി നിരക്ക് അടക്കുന്നതുള്‍പ്പെടെ വിവിധ ഫീസ് എടുക്കുന്ന കേന്ദ്രങ്ങളിലും ഇടപാടുകള്‍ മുടങ്ങി. ട്രഷറി അടഞ്ഞതിനാല്‍ സര്‍ക്കാര്‍ ഇടപാടുകളും മുടങ്ങി. ഡോക്ടര്‍മാരുടെ കുറിപ്പോടെ എത്തുന്നവരുടെ നോട്ടുകള്‍ സ്വീകരിച്ച് മരുന്നു നല്‍കണമെന്ന നിര്‍ദേശം ഒട്ടുമിക്ക മെഡിക്കല്‍ ഷോപ്പുകളും പാലിച്ചില്ല. ചില്ലറയില്ലെന്നതാണ് ഇവര്‍ പറയുന്ന കാരണം.

chandrika: