X

മോണ്‍സണെതിരെ ചെറുവാടി സ്വദേശിയുടെ പരാതി; പത്തുകോടി വാങ്ങി പറ്റിച്ചെന്ന് യഅഖൂബ്

കോഴിക്കോട്: മോണ്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പിന് ഇരയായ കൂടുതല്‍ ആളുകളുടെ വിവരങ്ങള്‍ പുറത്തറിയുന്നു. തന്നില്‍ നിന്ന് 10 കോടി രൂപ വാങ്ങി പറ്റിച്ചെന്ന് ചെറുവാടി സ്വദേശി യഅ്ഖൂബിന്റെ പരാതി. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് യഅ്ഖൂബ് അറിയിച്ചു.

ഒരു കിരീടം വിറ്റ വകയില്‍ വലിയ തുക കിട്ടാനുണ്ടെന്നും അതിന്റെ നടപടിക്രമങ്ങള്‍ക്കാണ് ഈ പത്തു കോടിയെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് മോണ്‍സണ്‍ പണം വാങ്ങിയത്. ഇതു കിട്ടിയാല്‍ വലിയ തുക പലിശരഹിത വായ്പ തരാം എന്നു പറഞ്ഞിരുന്നു. അതിനാലാണ് പണം കൊടുത്തത്. ഐജി ലക്ഷ്മണയെയും മറ്റു പൊലീസിലും രാഷ്ട്രീയത്തിലുമുള്ള ഉന്നതരെയും തന്റെ മുന്നില്‍ വച്ച് നിരന്തരം വിളിച്ചിരുന്നതായും യഅ്ഖൂബ് പറയുന്നു.

ടിപ്പുവിന്റെ സിംഹാസനം, മോശയുടെ അംശവടി, ഔറംഗസീബിന്റെ ഖുര്‍ആന്‍ ലിപികളുള്ള മോതിരം, പ്രവാചകന്‍ മണല്‍ കൊണ്ട് നിര്‍മിച്ച വിളക്ക്, യേശുവിനെ മുപ്പത് വെള്ളിക്കാശിന് ഒറ്റുകൊടുത്തതിലെ രണ്ട് വെള്ളിക്കാശ് എന്നിവയെല്ലാം തന്റെ കയ്യിലുണ്ടെന്ന് മോണ്‍സണ്‍ അവകാശപ്പെട്ടിരുന്നു. ബ്രൂണെ സുല്‍ത്താനുമായും യുഎഇ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വില്‍പന നടത്തിയെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ചിന്റെ പിടിയിലായ ഇയാള്‍ നിലവില്‍ റിമാന്റിലാണ്.

web desk 1: