X

സാമൂഹ്യ സുരക്ഷാപെന്‍ഷനായി ഗുണഭോക്താക്കള്‍ നല്‍കിയ 500ലധികം വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ കാണാനില്ല

സാമൂഹ്യ സുരക്ഷാപെന്‍ഷനായി ഗുണഭോക്താക്കള്‍ നല്‍കിയ 500ലധികം വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ കാണാനില്ല. കണ്ണൂര്‍ ചിറക്കല്‍ പഞ്ചായത്തിലാണ് സംഭവം. 2022 സെപ്തംബര്‍ മുതല്‍ 2023 ഫെബ്രുവരി 28 വരെ നല്‍കിയ സര്‍ട്ടിഫിക്കറ്റുകളാണ് കാണാതായത്. ഗുണഭോക്താക്കള്‍ നേരിട്ടും പഞ്ചായത്ത് അംഗങ്ങള്‍ മുഖേനയും നല്‍കിയ സര്‍ട്ടിഫിക്കറ്റുകളാണ് കാണാതായത്. സര്‍ട്ടിഫിക്കറ്റ് നല്‍കിയവരില്‍ പലരുടെയും പേര് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ഇല്ല.

ഈ ലിസ്റ്റ് പഞ്ചായത്ത് അംഗങ്ങള്‍ പരിശോധിച്ചപ്പോഴാണ് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ തെളിഞ്ഞത്. സംഭവം ചൂണ്ടിക്കാട്ടി പഞ്ചായത്ത് അംഗങ്ങള്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോള്‍ വീണ്ടും സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഉപഭോക്താക്കളോട് നേരിട്ട് ബന്ധപ്പെട്ടും സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. അധികൃതരുടെ അനാസ്ഥയില്‍ പെന്‍ഷന്‍ മുടങ്ങുമോയെന്ന ആശങ്കയിലാണ് ഗുണഭോക്താക്കള്‍.

എന്നാല്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകാരണം സാധാരണക്കാരുടെ പെന്‍ഷന്‍ മുടങ്ങുന്ന അവസ്ഥയുണ്ടാവരുതെന്നും ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നുമാണ് ആവശ്യം. പഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ നിന്നായി നല്‍കിയ 500ലധികം സര്‍ട്ടിഫിക്കറ്റുകളാണ് കാണാതായത്. ഒരു വാര്‍ഡില്‍ നിന്ന് തന്നെയുള്ള മുപ്പതിലധികം സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്.

webdesk11: