X
    Categories: Culture

ഐ.എസ് പീഡനങ്ങളില്‍ നിന്നു രക്ഷപ്പെട്ട കുട്ടികള്‍ക്ക് ഇറാഖി സൈന്യത്തിന്റെ ക്രൂരപീഡനം

ബഗ്ദാദ്: മൊസൂളില്‍ ഇസ്്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ ക്രൂരതകളില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ക്ക് ഇറാഖി സൈന്യത്തിന്റെ ക്രൂരപീഡനം.
അമേരിക്കയുടെ പിന്തുണയോടെ ഐ.എസിനെതിരെ യുദ്ധം ചെയ്യുന്ന ഇറാഖി സേനയും ഒപ്പമുള്ള പോരാളികളുമാണ് കുട്ടികളോട് ക്രൂരത കാണിക്കുന്നത്. മൊസൂളില്‍ നിന്നും പിടികൂടിയ കുട്ടികളെ ഐ.എസ് അനുകൂലികളെന്ന് ആരോപിച്ചാണ് സൈന്യം ക്രൂരമായി പീഡിപ്പിക്കുന്നത്.
എട്ടുവയസ് പ്രായമുള്ള കുട്ടികളെ പോലും ചുറ്റികകൊണ്ട് സൈനികര്‍ അടിക്കുന്ന വീഡിയോ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 18ന് ട്വിറ്ററിലാണു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇറാഖി സേനയുടെ കൂടെയുള്ള പോരാളികളായ പീപ്പിള്‍സ് മൊബിലൈസേഷന്‍ യൂണിറ്റ്‌സ് (പി.എം.യു) ആണ് പ്രധാനമായും വീഡിയോയിലുള്ള സൈനികര്‍. ഇറാഖി സൈനികന്‍ കുട്ടിയുടെ തലയിലും കാലിലും ചുറ്റിക കൊണ്ട് അടിക്കുന്നതായും ഇതു തടയാന്‍ ചുറ്റുമുള്ള ആളുകള്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാലുകള്‍ കൂട്ടിക്കെട്ടി ചുറ്റികയുപയോഗിച്ച് അടിക്കുന്നതിനു മുന്‍പ് ഒരു കുട്ടിയുടെ തലയില്‍ കോണ്‍ക്രീറ്റ് ഇടുന്നതും കാണിക്കുന്നുണ്ട്. വേദനകൊണ്ടു പുളയുന്ന കുട്ടികള്‍ ട്രക്കിനു പിന്നില്‍ക്കിടന്ന് അരുതെന്നു പറയുന്നതും വിഡിയോയില്‍ വ്യക്തമാണ്.
കുട്ടികളുടെ തലയില്‍ സൈനികര്‍ തോക്കുകൊണ്ടും അടിക്കുന്നുണ്ട്. കുടുംബത്തിലെ ആരെങ്കിലും ഐ.എസില്‍ ചേര്‍ന്നിട്ടുണ്ടോയെന്നും കുട്ടികളോടു സൈനികര്‍ ചോദിക്കുന്നുണ്ട്. ഐ.എസിന്റെ കൈവശമുള്ള മൊസൂള്‍ നഗരം തിരിച്ചുപിടിക്കാനാണ് അമേരിക്കയുടെ പിന്തുണയോടെ ഇറാഖ് സൈന്യം യുദ്ധം ചെയ്യുന്നത്.
യുദ്ധം പ്രതീക്ഷിച്ചതിലും വേഗം മുന്നോട്ടുപോകുകയാണെന്നാണ് ഇറാഖ് സര്‍ക്കാര്‍ പറയുന്നത്. ഇറാഖി, കുര്‍ദിഷ് സൈനികര്‍ ഇറാഖിലെ സുന്നി അറബ് സമൂഹത്തിനു നേരെ മനുഷ്യത്വരഹിതമായ പീഡനങ്ങള്‍ അഴിച്ചു വിടുന്നതായി ഈ ആഴ്ച ആദ്യം ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആരോപിച്ചിരുന്നു.

chandrika: