X
    Categories: Views

ഉഡാന്‍ പദ്ധതി തയ്യാര്‍; മണിക്കൂറില്‍ പറക്കാന്‍ 2500 രൂപ

ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്ര പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഉഡാന്‍ പദ്ധതി പ്രഖ്യാപിച്ചു. മണിക്കൂറിന് 2500 രൂപ നിരക്കില്‍ രാജ്യത്തിനകത്ത് വിമാനയാത്ര സാധ്യമാക്കുന്നതാണ് പദ്ധതി. പദ്ധതി പ്രകാരമുള്ള എയര്‍ ടിക്കറ്റ് ബുക്കിങ് ഉടന്‍ ആരംഭിക്കും. ജനുവരിയോടെയാകും ആദ്യ യാത്ര സാധ്യമാകുകയെന്ന് കേന്ദ്ര വ്യോമയാനാ മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു.

കുറഞ്ഞ നിരക്കില്‍ യാത്രക്ക് സൗകര്യം ഒരുക്കുന്നതിനായി ഒരു വിമാനത്തിലെ പകുതി സീറ്റുകള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. ഒരു വിമാനത്തില്‍ കുറഞ്ഞത് ഒമ്പത് സീറ്റും കൂടിയത് 40 സീറ്റുമായിരിക്കും ഇത്തരത്തില്‍ മാറ്റിവെക്കുക. ശേഷിക്കുന്ന സീറ്റുകളിലെ നിരക്ക് യാത്രക്കാരുടെ തിരക്കിന് അനുസരിച്ച് കൂടിയും കുറഞ്ഞുമിരിക്കും.

പദ്ധതിയില്‍ പങ്കാളികളാകുന്ന കമ്പനികള്‍ക്ക് നഷ്ടം നികത്തുന്നതിനായി വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) നല്‍കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തുല്യമായാണ് വി.ജി.എഫ് കണ്ടെത്തുക. കൂടാതെ കുറഞ്ഞ നിരക്കില്‍ നല്‍കുന്ന ടിക്കറ്റുകള്‍ക്ക് നുകുതിയിളവുകളും നല്‍കും. യാത്രക്കാര്‍ കുറവുള്ള വിമാനത്താവളങ്ങളെയാണ് പദ്ധതിക്കായി തെരഞ്ഞെടുക്കുക എന്നതിനാല്‍ വിമാനക്കമ്പനികളുടെ നിലവിലെ പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും ഇത് ബാധിക്കില്ല.

ബീക്കാനീര്‍, ജയ്‌സാല്‍മീര്‍, ഭാവ്‌നഗര്‍, ജാംനഗര്‍, ബത്തിന്‍ഡ്യ, അലഹാബാദ്, ജോഹര്‍ട്ട് വിമാനത്താവളങ്ങളാണ് ആദ്യഘട്ടത്തില്‍ ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സര്‍വീസ് തുടങ്ങാനായി വിമാനക്കമ്പനികളുമായി സര്‍ക്കാര്‍ ബന്ധപ്പെട്ടെങ്കിലും ആരും താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സബ്‌സിഡി പ്രഖ്യാപിച്ചത്. ലോകത്ത് ഒരിടത്തും ആരും പരീക്ഷിച്ചിട്ടില്ലാത്ത പദ്ധതിയാണ് ഇതെന്ന് വ്യോമയാനാ സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.

Web Desk: