X

പേര് മുഹമ്മദാണോ, ചോദ്യവും തുടരെ മര്‍ദനവും; മാനസികാരോഗ്യ പ്രശ്‌നം നേരിടുന്നയാള്‍ മരിച്ചു

ഭോപാല്‍: മധ്യപ്രദേശിലെ നീമുച്ചില്‍ മാനസിക പരിമിതി നേരിടുന്നയാളെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ബി.ജെ.പി നഗരസഭാ കൗണ്‍സിലറുടെ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു.

ദിനേശ് കുശ്‌വാഹ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. ഇയാള്‍ 65കാരനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് കേസെടുത്തത്. രത്‌ലാം ജില്ലയിലെ സര്‍സി സ്വദേശിയായ ഭന്‍വര്‍ലാല്‍ ജെയിന്‍ എന്നയാളാണ് മര്‍ദ്ദനമേറ്റ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്ന ഇയാളെ മെയ് 15 മുതല്‍ രാജസ്ഥാനില്‍ നടന്ന മതചടങ്ങിനിടെ കാണാതായെന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് ഇയാളുടെ ചിത്രങ്ങള്‍ വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ നീമുച്ചില്‍ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം പൊലീസ് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയും സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് മരിച്ചയാള്‍ ക്രൂരമായി മര്‍ദ്ദനത്തിന് ഇരയാകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നത്. കൊല്ലപ്പെട്ട ജെയിനിനു സമീപം നില്‍ക്കുന്ന കുശ്‌വാഹ എന്താണ് നിങ്ങളുടെ യഥാര്‍ത്ഥ പേര്, മുഹമ്മദ് എന്നാണോ എന്ന് ചോദിച്ചാണ് മര്‍ദ്ദനം ആരംഭിക്കുന്നത്. ഇടക്ക് ആധാര്‍ കാര്‍ഡ് കാണിക്കാനും ആവശ്യപ്പെടുന്നുണ്ട്. മുഖത്തിന്റെ രണ്ടു വശങ്ങളിലും തലയിലും അടിക്കുന്നതിന്റെയും കൈ പിടിച്ച് തിരിക്കുന്നതിന്റേയും ജെയിന്‍ തടയാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ ശക്തിയോടെ പ്രഹരിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.

വെറുതെ വിടണമെന്നും പണം നല്‍കാമെന്നും ജെയിന്‍ പറയുന്നുണ്ടെങ്കിലും കൂടുതല്‍ ശക്തിയോടെ പ്രഹരിക്കുകയാണ് കുശ്‌വാഹ ചെയ്യുന്നത്. വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നലെ കുശ്‌വാഹയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജെയിനിന്റെ കുടുംബം പൊലീസിനെ സമീപിച്ചു. തുടര്‍ന്നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ ബി. ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കേസെടുത്തെങ്കിലും ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പ്രതികരിച്ചു. സംഭവം ദുഃഖകരമാണെന്നും കുറ്റവാളി കുറ്റവാളി തന്നെയാണെന്നും സംരക്ഷിക്കില്ലെന്നുമായിരുന്നു ബി.ജെ.പി സംസ്ഥാന സെക്രട്ടറി രജനീഷ് അഗര്‍വാളിന്റെ പ്രതികരണം.

Chandrika Web: