X

യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി; എല്ലാ കണ്ണുകളും സുപ്രീംകോടതിയിലേക്ക്

ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷമില്ലാഞ്ഞിട്ടും ഗവര്‍ണര്‍ ബി.ജെ.പി നേതാവ് യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരണത്തിനായി ക്ഷണിച്ചത് ചോദ്യം ചെയ്തുള്ള കോണ്‍ഗ്രസ്-ജെ.ഡി.എസ് ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇതോടെ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി സുപ്രീംകോടതിയുടെ കൈകളിലായി.

സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ രണ്ടു കത്തുകളും (15, 16തീയിതികളില്‍ ഗവര്‍ണര്‍ക്ക് നല്‍കിയത്) ഇന്ന് ഹാജരാക്കാന്‍ നിര്‍ദേശിച്ചതോടെ എല്ലാ കണ്ണുകളും സുപ്രീംകോടതിയിലേക്കായി. യെദ്യൂയൂരപ്പയുടെ സത്യപ്രതിജ്ഞ, ഹര്‍ജിയുടെ അന്തിമ ഉത്തരവിന് വിധേയമായിരിക്കുമെന്ന് കോടതി ഇന്നലെ പുലര്‍ച്ചെ വരെ നീണ്ട കോടതി നടപടികള്‍ക്കൊടുവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബി.എസ്.യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സ്‌റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ്-ജെ.ഡി.എസ് മുന്നണിയുടെ ആവശ്യം ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അംഗീകരിച്ചില്ലെങ്കിലും കത്തുകള്‍ ഹാജരാക്കാനുളള നിര്‍ദേശം വഴിത്തിരിവാകും. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിലാണ് സര്‍ക്കാരുണ്ടാക്കാനുളള അവകാശവാദം ബി.ജെ.പി ഉന്നയിച്ചത്. എന്നാല്‍, യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് കൈമാറിയ കത്തിലെ ഉളളടക്കം എന്താണെന്ന് ഇതുവരെയും പുറത്തുവന്നിട്ടില്ല. കത്തിലെന്താണെന്ന് അറിയില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും വാദം.

തന്നെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ പേരുകള്‍ യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് കൈമാറിയില്ലെന്ന് ഉറപ്പുണ്ടോയെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തിലുളള അവ്യക്തത മാറ്റാനും, ഗവര്‍ണറുടെ വിവേചനാധികാരം കൃത്യമായി ആണോ ഉപയോഗിച്ചതെന്ന് പരിശോധിക്കാനും കോടതി തീരുമാനിച്ചു. സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചുകൊണ്ട് ഗവര്‍ണര്‍ വാജുഭായ് വാല, യെദ്യൂരപ്പയ്ക്ക് നല്‍കിയ കത്തും ഇന്ന് ഹാജരാക്കണം. ഗവര്‍ണറുടെ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്നും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് നൂറ്റിപതിനേഴ് പേരുടെ പിന്തുണയുണ്ടെന്നുമാണ് കോണ്‍ഗ്രസ് വാദം. ഏറ്റവുമൊടുവില്‍ ഗോവയില്‍ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചത് കൂടുതല്‍ സീറ്റു നേടിയ ഒറ്റക്കക്ഷിയെ ആയിരുന്നില്ല. കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ യെദ്യൂരപ്പക്ക് പതിനഞ്ച് ദിവസം നല്‍കിയത് കുതിരകച്ചവടത്തിനാണെന്നും കോണ്‍ഗ്രസ് കോടതിയില്‍ ആരോപിച്ചു.

എന്നാല്‍, ഗവര്‍ണറുടെ തീരുമാനത്തെ വിലക്കാന്‍ കഴിയുമോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ പതിനഞ്ച് ദിവസം നല്‍കിയത് എന്തിനെന്ന കോടതിയുടെ ചോദ്യവും ശ്രദ്ധേയമാണ്. ഇന്ന് ഹര്‍ജിയില്‍ കോടതി എന്തു തീരുമാനമെടുക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിനാവശ്യമായ അംഗ സംഖ്യ ഇല്ലെങ്കില്‍ ഒരു പക്ഷേ യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തന്നെ കോടതി മുന്‍കാല പ്രാപല്യത്തോടെ അസാധുവാക്കാനും സാധ്യതയുണ്ട്.

chandrika: