X

ധോനിയോട് ബിസിസിഐ രാജി ആവിശ്യപ്പെട്ടതായി റിപ്പോര്‍ട്ട്; ആരോപണം പൂര്‍ണ്ണമായും തള്ളി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ഒഴിയാന്‍ മഹേന്ദ്ര സിങ് ധോണിയോട് ബിസിസിഐ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ പദവി ഒഴിയാന്‍ സമയമായെന്ന് ബിസിസിഐ അറിയിച്ചതിനെ തുടര്‍ന്നാണ് ധോണിയുടെ രാജിയെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദ് ഇതിനായി ധോണിയെ കണ്ടിരുന്നെന്നും രാജി വിഷയത്തില്‍ ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് പെട്ടെന്നുള്ള ധോനിയുടെ പിന്മാറ്റമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ധോനിയുടെ രാജി തീരുമാനത്തെ പുകഴ്ത്തി പ്രസാദ് ഉടനെത്തിയതും നീക്കങ്ങള്‍ക്കു തെളിവായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ചാമ്പ്യന്‍സ് ട്രോഫി ഈ വര്‍ഷം നടക്കാനിരിക്കെ പുതിയ നായകന്‍ വിരാട് കോഹ്‌ലിക്ക് ടീമിനെ ഒരുക്കാന്‍ ആവശ്യത്തിന് സമയം ലഭിക്കത്തക്ക വിധത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ധോണിയുടെ
നടപടിയെയാണ് പ്രസാദ് പുകഴ്ത്തിയത്. 2019ല്‍ വരുന്ന ലോകകപ്പ് മത്സരങ്ങളിലേക്ക് രാജ്യത്തെ ശക്തമാക്കാനാണ് സെലക്ഷന്‍ കമ്മിറ്റിയുടെ നീക്കമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ധോണി ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെന്ന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്.

അതേസമയം, റിപ്പോര്‍ട്ടിനെ പൂര്‍ണ്ണമായും തള്ളി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദ രംഗത്തെത്തി. ധോനിയുടെ രാജിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നും ഇതില്‍ സത്യത്തിന്റെ കണിക പോലുമില്ലെന്നും പ്രസാദ് വ്യക്തമാക്കി. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത് ധോണിയുടെ വ്യക്തിപരമായ തീരുമാനം മാത്രമാണ്. അതിനുവേണ്ടി അദ്ദേഹത്തിനുമേല്‍ ആരും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. നാഗ്പൂരില്‍ ഗുജറാത്തും ജാര്‍ഖണ്ഡും തമ്മില്‍ നടന്ന രഞ്ജി ട്രോഫി മല്‍സരത്തിനിടെയാണ് നായകസ്ഥാനം ഒഴിയാനുള്ള തീരുമാനം ധോണി തന്നെ അറിയിച്ചതെന്നും എം.എസ്.കെ. പ്രസാദ് അറിയിച്ചു.

ധോണി തികച്ചും സത്യസന്ധനായ മനുഷ്യനാണ്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള അദ്ദേഹത്തിന്റെ തീരുമാനം അപ്രതീക്ഷിതമായി എത്തിയതല്ല. ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി കോഹ്‌ലിക്ക് നായകനെന്ന നിലയില്‍ ആവശ്യത്തിന് മല്‍സരപരിചയം ലഭിക്കത്തവിധത്തിലാണ് ധോണി നായകസ്ഥാനം ഒഴിഞ്ഞത്. ധോണിയുടെ ജോലി ഇവിടം കൊണ്ട് അവസാനിക്കുന്നില്ലെന്ന് പറഞ്ഞ പ്രസാദ്, കോഹ്‌ലിക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ധോണിക്ക് കഴിയുമെന്നും ചൂണ്ടിക്കാട്ടി.

chandrika: