X

കേരളത്തിലെ ആദ്യത്തെ മുന്നോക്ക സംവരണ നിയമനം അനധികൃതം; രേഖകള്‍ പുറത്തുവിട്ട് എംഎസ്എഫ്

മലപ്പുറം: തിരൂര്‍ മലയാളം സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങളില്‍ നടന്നിട്ടുള്ള മെറിറ്റ്, സംവരണ മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള അനധികൃത നിയമനങ്ങള്‍ റദ്ദാക്കണമെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് നടത്തിയ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂണ്‍ രണ്ടിന് നടത്തിയ സാഹിത്യ പഠനം, പരിസ്ഥിതി പഠനം, ചലച്ചിത്ര പഠനം എന്നീ പഠന വകുപ്പുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് നടത്തിയ നിയമനങ്ങള്‍ മെറിറ്റ് സംവരണ മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണെന്നും എംഎസ്എഫ് നേതാക്കള്‍ പറഞ്ഞു. വിവിധ പഠന വകുപ്പുകളിലെ അദ്ധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചതും വിജ്ഞാപനത്തില്‍ മാറ്റിത്തിരുത്തലുകള്‍ വരുത്തിയാണ്. 04.01.2021ന് ഇറക്കിയ ആദ്യ വിജ്ഞാപനത്തില്‍ [നം. 861/2020/അഡ്മിന്‍(3)] അഭിലഷണീയ മാനദണ്ഡത്തില്‍ അവ്യക്തതകള്‍ ഉണ്ടാകുകയും പ്രതിഷേധങ്ങളെ തുടര്‍ന്ന് അഭിലഷണീയ മാനദണ്ഡത്തില്‍ തിരുത്തലുകള്‍ വരുത്തി അദ്യമിറക്കിയ അതേ തിയതിയിലും നമ്പറിലുമായി വീണ്ടും വിജ്ഞാനപനമിറക്കിയാണ് അട്ടിമറികള്‍ക്ക് തുടക്കം കുറിച്ചത്. അപേക്ഷ ക്ഷണിക്കുമ്പോള്‍ തന്നെ സംവരണ തസ്തികകള്‍ വ്യക്തമാക്കണമെന്നിരിക്കെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം സംവരണ പട്ടിക പുറത്തിറക്കിയത് തന്നെ സംവരണ അട്ടിമറിയുടെ ഗൂഢാലോചനയാണ്. വിജ്ഞാനപനത്തിന് ശേഷം വിവിധ പഠന വകുപ്പുകളില്‍ സിപിഎം അനുകൂല അധ്യാപക സംഘടനക്ക് താല്‍പര്യമുള്ളവരെ തിരുകികയറ്റാന്‍ അടിസ്ഥാന യോഗ്യതയില്ലാത്തവര്‍ക്ക് നിയമനം നല്‍കുകയും ചെയ്തു.

ചലച്ചിത്ര പഠനത്തില്‍ സിപിഎം സഹയാത്രികനും പ്രമുഖ സാഹിത്യകാരനുമായ ആലംകോട് ലീലാകൃഷ്ണന്റെ സഹോദരി പുത്രി ഡോ. ശ്രീദേവിയെ മുന്നോക്ക സംവരണ വിഭാഗത്തിലൂടെയാണ് നിയമിക്കപ്പെട്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഓപ്പണ്‍ ക്വാട്ട വിഭാഗത്തില്‍ നിയമനം നടത്തേണ്ട തസ്തികയിലാണ് മുന്നോക്ക സംവരണ വിഭാഗത്തിന്റെ പട്ടിക സര്‍ക്കാര്‍ പുറത്തിറക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാന തലത്തില്‍ ആദ്യത്തെ മുന്നോക്ക സംവരണത്തിന്റെ പേരില്‍ നിയമനം നടത്തിയത്.

നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥിയുടെ ഗൈഡിനെ തന്നെ സബ്ജക്ട് എസ്‌പേര്‍ട്ടായി ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി മെറിറ്റുള്ള ഉദ്യോഗാര്‍ത്ഥികളെ തള്ളി കൊണ്ടാണ് നിയമനം നടത്തിയത്. മെറിറ്റും സംവരണവും അട്ടിമറിച്ച് മലയാളം സര്‍വകലാശാലയില്‍ നടത്തിയ മുഴുവന്‍ നിയമനങ്ങളും റദ്ദാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും മറ്റു നിയമ നടപടികളിലൂടെ മുന്നോട്ട് പോവുമെന്നും എം.എസ്.എഫ് അറിയിച്ചു. പത്രസമ്മേളനത്തില്‍ എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ സി.കെ.നജാഫ്, വൈസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ പിലാക്കല്‍, സെക്രട്ടറി അഷ്ഹര്‍ പെരുമുക്ക്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ.വഹാബ് എന്നിവര്‍ പങ്കെടുത്തു.

 

web desk 1: