X

ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി- ലക്ഷദ്വീപില്‍ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് അയോഗ്യനാക്കപ്പെട്ട എംപി മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയില്‍. വധശ്രമക്കേസില്‍ 10 വര്‍ഷം ശിക്ഷിക്കപ്പെട്ട മുഹമ്മദ് ഫൈസലിനെ ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയിരുന്നു. തുടര്‍ന്നാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അയോഗ്യതയ്ക്കു കാരണമായ വിചാരണക്കോടതി വിധിക്കെതിരായ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

കേസില്‍ തീര്‍പ്പുണ്ടാകുംവരെ കാത്തിരിക്കാതെ കമ്മിഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് നിയമവിരുദ്ധവും ഗൂഢോദ്ദേശ്യത്തോടെയുമാണെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം നാളെ ചീഫ് ജസ്റ്റിസിനു മുന്നില്‍ അഭിഭാഷകര്‍ ഉന്നയിക്കും.

ഇക്കഴിഞ്ഞ പതിനൊന്നിനാണ്, എന്‍സിപി നേതാവായ മുഹമ്മദ് ഫൈസലിനെ 2017ലെ വധശ്രമക്കേസേില്‍ സെഷന്‍സ് കോടതി പത്തു വര്‍ഷം തടവിനു ശിക്ഷിച്ചത്.

webdesk13: