X

സി.പി.എമ്മും ബി.ജെ.പിയും വര്‍ഗീയ കാര്‍ഡിറക്കുന്നു: മുല്ലപ്പള്ളി

തിരുവനന്തപുരം: സി.പി.എമ്മും ബി.ജെ.പിയും വര്‍ഗീയ കാര്‍ഡിറക്കി തെരഞ്ഞെടുപ്പിനെ നേരിടുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സംഘര്‍ഷം വര്‍ധിപ്പിച്ച് ആശങ്ക വര്‍ധിപ്പിക്കാനും ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനുമാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഒന്നും പറയാന്‍ ഇല്ലാത്തതിനാലാണ് ബി.ജെ.പി ലൗജിഹാദ് വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. തീവ്രവര്‍ഗീയത ഇളക്കിവിടാനാണ് സി.പി.മ്മിന്റെയും ബി.ജെ.പിയുടെയും ശ്രമം. താന്‍ ഇക്കാര്യം നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. മതേതര പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. എല്ലാ മതവിഭാഗങ്ങളുടേയും ആശങ്ക കോണ്‍ഗ്രസ് പരിഹരിക്കുമെന്നും അദ്ദേഹം കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ ചില സീറ്റുകളില്‍ ധാരണയുണ്ടാക്കിയെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവന വിചിത്രമാണ്. നിറംപിടിപ്പിച്ച നുണപ്രചരണം മാത്രമാണത്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലാണ് രഹസ്യധാരണ ഉണ്ടാക്കിയിട്ടുള്ളത്. ഇരുവരും കോണ്‍ഗ്രസിനെയാണ് ശത്രുവായി കാണുന്നത്.

സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള പരസ്പ്പര ധാരണ തദ്ദേശതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതാണ്. തില്ലങ്കേരി മോഡല്‍ ധാരണ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാനാണ് ഇരുകൂട്ടരുടേയും ശ്രമം. തന്റെ ഈ ആരോപണത്തിന് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും നേതാക്കള്‍ മറുപടി പറയാന്‍ ഇതുവരെ തയ്യാറാകാത്തതും അതുകൊണ്ടാണ്. ലീഗിനോട് സി.പി.എമ്മിന് അസ്പര്‍ശ്യതയാണ്. പതിറ്റാണ്ടുകളായി ലീഗ് യു.ഡി.എഫിന്റെ ഭാഗമാണ്. പി.സി ജോര്‍ജിന്റെ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

web desk 3: