X

പിഎച്ച് അബ്ദുള്ള മാസ്റ്ററുമായുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മുനവ്വറലി ശിഹാബ് തങ്ങള്‍

കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാനും മുസ്‌ലിം ലീഗ് നേതാവുമായ പി.എച്ച് അബ്ദുല്ല മാസ്റ്ററുടെ വിയോഗത്തില്‍ അദ്ദേഹവുമായുള്ള നല്ല ഓര്‍മ്മകള്‍ പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മുനവ്വറലി തങ്ങള്‍ക്ക് ആരായിരുന്നു അബ്ദുള്ള മാസ്റ്ററെന്ന് വൈകാരികമായ വാക്കുകളിലൂടെയാണ് തങ്ങള്‍ എഴുതിയത്.

2018 മെയ് 7ന് ഇതേ ദിവസമാണ് മുനവ്വറലി തങ്ങള്‍ അബ്ദുള്ള മാസ്റ്ററുടെ മകളുടെ നിക്കാഹ് പാണക്കാട് വച്ച് നടത്തി കൊടുത്തിരുന്നതെന്നും ഈ വേളയില്‍ തങ്ങള്‍ ഓര്‍ത്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എഴുത്തുകാരൻ,പ്രസംഗികൻ,മുസ്ലിംലീഗ് ക്യാമ്പുകളിൽ പാടിയും പറഞ്ഞും പാർട്ടിയെ പകർന്നു നൽകിയ ചരിത്രാദ്ധ്യാപകൻ,സ്നേഹമസൃണമായ വ്യക്തിത്വത്തിനുടമ.
ഇങ്ങനെ വിശേഷണങ്ങളാൽ ധന്യനാണ് പി എച്ച് അബ്ദുള്ള മാസ്റ്ററെന്ന സാത്വികനായ മനുഷ്യൻ.
കുട്ടിക്കാലം മുതൽ കാണുന്ന മുഖമാണ് അദ്ദേഹത്തിന്റേത്.ബാപ്പ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായുള്ള ആത്മബന്ധം പിന്നീട് ഞങ്ങളുമായും അദ്ദേഹം തുടർന്നു.ആ ബന്ധം പിന്നീട് പല തലങ്ങളിലേക്കും വ്യാപിച്ചു.പൊതുപ്രവർത്തനങ്ങളിലേക്കിറങ്ങുന്ന വേളയിൽ അദ്ദേഹത്തിന്റെ ആശയങ്ങൾ മനസ്സിനെ ഏറെ സ്വാധീനിച്ചു.
മുസ്ലിംലീഗിലെ നവ തലമുറക്ക് രാഷ്ട്രീയ-ധൈഷണിക വിദ്യാഭ്യാസം നൽകുന്നതിനായി ഞാൻ ചെയർമാനും അബ്ദുള്ള മാഷ് ജനറൽ സെക്രട്ടറിയുമായി’ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ സയൻസ്'(IIPS)എന്നൊരു സംവിധാനം കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു.
ദാർശനികരും ബുദ്ധിജീവികളും ചരിത്രകാരന്മാരുമായ നിരവധി മഹദ് വ്യക്തിത്വങ്ങൾ അതിൻറെ ഭാഗമായി.മികച്ച ഫാക്കൽറ്റികളുടെ സേവനങ്ങൾ ഉറപ്പു വരുത്തി.പ്രതിഭയുടെ മിന്നലാട്ടമുള്ള വിദ്യാർത്ഥികൾ അതിൽ നിന്നുമുണ്ടായി.ലീഗിലും പോഷക സംഘടനകളിലും അവരുടെ നേതൃസാന്നിദ്ധ്യം ഉയർന്നു വന്നു.അബ്ദുള്ള മാഷിന്റെ നിശ്ശബ്ദമായ പ്രവർത്തനത്തിന്റെ മുദ്രയായിരുന്നു അത്.
രോഗാവസ്ഥയിലും എല്ലാ ചൊവ്വാഴ്ചകളിലും മാഷ് പാണക്കാട് വരും.കൂടെ മക്കളും.അദ്ദേഹത്തിന്റെ വീട്ടിലെ ഏതൊരു വിശേഷാവസരത്തിലും പങ്കെടുത്തും സന്ദർശിച്ചും ഒരു കുടുംബാംഗങ്ങളെ പോലെയായിരുന്നു ഞങ്ങൾ.അദ്ദേഹത്തിന്റെ കാഴ്ച ശക്തിയടക്കം നഷ്ടപ്പെട്ട ഒരു ഘട്ടത്തിലാണ് മകൾ ആയിഷ ബാനുവിൻറെ നിക്കാഹ്.ചെറുപ്പം തൊട്ടേ ഞങ്ങളുടെ വന്ദ്യപിതാവിൻറെ ലാളനയിൽ വളർന്ന മകളുടെ നിക്കാഹ് കൊടപ്പനക്കൽ വീട്ടിൽ പന്തൽ കെട്ടി അവിടെ വെച്ച് നടത്തണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു.
അബ്ദുള്ള മാഷിൻറെ തന്നെ വാക്കുകളിൽ അതിങ്ങനെ വായിക്കാം;
“ആയിഷയുടെ നിക്കാഹിൻറെ സമയം. ഉള്ളിലെ ആഗ്രഹം പറയാൻ പ്രിയപ്പെട്ട സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ജീവിച്ചിരിപ്പില്ല.ആ ആലോചനകളിൽ മനസ്സ് മുഴുകിയിരിക്കുന്ന സമയത്താണ് മുനവ്വറലി ശിഹാബ് തങ്ങൾ നിക്കാഹ് പാണക്കാട് നിന്നാക്കാമെന്നും അത് അദ്ദേഹം ഏറ്റു എന്നും പറയാൻ എന്നെ വിളിക്കുന്നത്.മഴവില്ലുകൾക്കിടയിലൂടെ ആലിപ്പഴം പെയ്യുന്ന പോലെ ഒരനുഭവമായിരുന്നു എനിക്കത്.പാണക്കാട്ടെ മുറ്റത്ത് മോൾക്ക് വേണ്ടി ഉയർത്തിയ പന്തലിൽ നിന്ന നേരത്തിന്റെ ആത്മഹർഷങ്ങളെ വാക്കുകൾ കൊണ്ട് അടയാളപ്പെടുത്താൻ ഞാൻ അശക്തനാണ്.കൊടപ്പനക്കൽ തറവാട് അന്ന് ഞങ്ങൾക്ക് വേണ്ടി വാതിലില്ലാത്ത ലോകം പോലെ തുറന്നിട്ടു.എന്റെ സ്ഥാനത്ത് നിന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എല്ലാ കാര്യങ്ങളും നോക്കി നടത്തി”.!
പ്രിയപ്പെട്ട മാഷിൻറെ ആഗ്രഹസഫലീകരണത്തിനൊപ്പം നിൽക്കാൻ സാധിച്ചത് വ്യക്തിപരമായ വലിയ സന്തോഷങ്ങളിൽ ഒന്നാണ്.
സർവ്വ ശക്തനായ റബ്ബ്
ജന്നാത്തുൽ ഫിർദൗസിൽ ഒന്നിച്ചു ചേർക്കുമാറാവട്ടെ..

 

webdesk14: