X

സംസ്ഥാനത്ത് മുണ്ടി നീര് പടരുന്നു; 70 ദിവസത്തിനുള്ളില്‍ 10,000 കുട്ടികള്‍ക്ക് രോഗം

കേരളത്തില്‍ മുണ്ടിനീര് വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മാത്രം 190 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ മാസം മാത്രം 2505 വൈറല്‍ അണുബാധ കേസുകള്‍ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കുട്ടികള്‍ക്കാണ് ഏറ്റവും കൂടുതല്‍ രോഗം പിടിപെടുന്നത്. 70 ദിവസത്തിനുള്ളില്‍ ഏകദേശം 10,000 കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 1649 കുട്ടികള്‍ക്ക് മുണ്ടിനീര് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു. സംസ്ഥാനത്ത് ഒപിയില്‍ എത്തുന്ന 20 കുട്ടികളില്‍ ഒരാള്‍ക്ക് രോഗം കണ്ടെത്തുന്നുണ്ട്. മലപ്പുറത്തും സമീപ പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത്.

ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന ഒരു വൈറല്‍ അണുബാധയാണ് മുണ്ടിനീര്. പരാമിക്‌സോ വൈറസ് മൂലമാണ് ഈ പകർച്ചവ്യാധി പിടിപെടുന്നത്. സാധാരണയായി ശ്വസന തുള്ളികളിലൂടെയോ രോഗ ബാധിതമായ ഉമിനീരുമായുള്ള നേരിട്ടുള്ള സമ്ബർക്കത്തിലൂടെയോ ആണ് മുണ്ടിനീര് പകരുന്നത്. ശ്വാസനാളത്തിലൂടെ ശരീരത്തിന് അകത്ത് പ്രവേശിക്കുന്ന അണുബാധ രക്തപ്രവാഹത്തിലൂടെ വ്യാപിക്കുന്നു. ഇത് ഉമിനീർ ഉത്പാദിപ്പിക്കുന്ന പരോട്ടിൻ ഗ്രന്ഥികളെ ബാധിക്കുകയും ഇതുമൂലം വീക്കം ഉണ്ടാകുകയും ചെയ്യുന്നു.

മുഖത്ത് ഉണ്ടാകുന്ന വീക്കം ആണ് മുണ്ടിനീരിന്റെ പ്രധാന ലക്ഷണം. ചെവിയുടെ താഴെയായി കവിളിന്റെ വശങ്ങളിലാണ് വീക്കം ഉണ്ടാകുക. കഴുത്തിന് പിന്നിലെ വീക്കം, വീക്കമുള്ള ഭാഗത്തെ വേദന, തലവേദന, പേശി വേദന, ക്ഷീണം, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമൊക്കെയുള്ള ബുദ്ധിമുട്ട്, വിശപ്പില്ലായ്മ എന്നിവയും മുണ്ടിനീരിന്റെ ലക്ഷണങ്ങളാണ്.

ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകുന്ന പക്ഷം ഉടനെ തന്നെ വൈദ്യ സഹായം തേടുന്നത് രോഗം പടരാതിരിക്കാൻ സഹായിക്കും. രോഗം ഭേദമാകുന്നത് വരെ മറ്റുള്ളവരുമായുള്ള സമ്ബർക്കവും ഒഴിവാക്കണം. ഇളംചൂടുള്ള ഉപ്പുവെള്ളം കവിള്‍കൊള്ളുന്നത് വേദനയും നീരും കുറയ്ക്കാൻ സഹായിക്കും.

webdesk13: