X

33 വര്‍ഷം മുന്‍പ് കൊലപാതകം, ശിക്ഷാവിധി വന്നിട്ട് 27 വര്‍ഷം; ഒടുവില്‍ ‘മിനി അച്ചാമ്മ’ പിടിയില്‍

മാവേലിക്കരയില്‍ കൊലപാതക കേസില്‍ ശിക്ഷ വിധിച്ച ശേഷം ഒളിവില്‍ പോയ കുറ്റവാളി ഇരുപത്തി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. മാങ്കാങ്കുഴി മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മയാണ് നീണ്ടകാലത്തിനുശേഷം എറണാകുളത്ത് നിന്നും പിടിയിലായത്. ഇവര്‍ വര്‍ഷങ്ങളായി വ്യാജ പേരില്‍ ഇവിടെ താമസിച്ചുവരികയായിരുന്നു.

കേരള ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണു റെജി ഒളിവില്‍ പോയത്. പല്ലാരിമംഗലം പഞ്ചായത്തില്‍ അടിവാട് എന്ന സ്ഥലത്ത് മിനി രാജു എന്ന വ്യാജപേരില്‍ താമസിച്ചിരുന്ന റെജിയെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ പതിനെട്ടാം വയസ്സില്‍ അതിദാരുണമായ കൊലപാതകം നടത്തിയ പ്രതിയാണ് കാല്‍നൂറ്റാണ്ടിലേറെ ഒളിവില്‍ത്തുടര്‍ന്ന് ഒടുവില്‍ പൊലീസിന്റെ വലയിലായത്. കൊലപാതകം നടന്ന് മുപ്പത്തിമൂന്ന് വര്‍ഷവും ശിക്ഷ വിധിച്ചിട്ട് ഇരുപത്തിയേഴ് വര്‍ഷവുമായ കേസിലാണ് ഒടുവില്‍ അറസ്റ്റ്.

1990 ഫെബ്രുവരി ഇരുപത്തിയൊന്നിനാണ് മാങ്കാങ്കുഴിപ്പറമ്പില്‍ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ വീടിനുള്ളില്‍ കൊല്ലപ്പെട്ടത്. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ടായിരുന്നു കൊലപാതകം. മറിയാമ്മയുടെ കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണമായത്. ഇവരുടെ മൂന്നര പവന്റെ താലിമാല അപഹരിച്ച പ്രതി ചെവി അറുത്തുമാറ്റിയാണ് ഒരു കാതില്‍ നിന്നും കമ്മല്‍ ഊരിയെടുത്തത്.

മറിയാമ്മയുടെ കൈകളിലും പുറത്തുമായി ഒന്‍പതോളം കുത്തുകള്‍ ഏറ്റിരുന്നു. സ്വന്തം മകളെപ്പോലെ കരുതി മറിയാമ്മ വളര്‍ത്തിയ റെജി തന്നെയാണ് കൊലപാതകം ചെയ്തതെന്ന് ആദ്യമാരും വിശ്വസിച്ചില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ റെജി അറസ്റ്റിലാവുകയായിരുന്നു. 1993ല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി മാവേലിക്കര കോടതി റെജിയെ വെറുതെ വിട്ടു. പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീലില്‍ 1996 സെപ്റ്റംബര്‍ പതിനൊന്നിന് കേരള ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചു. എന്നാല്‍ വിധി വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ റെജി ഒളിവില്‍ പോവുകയായിരുന്നു.

 

webdesk14: