X

ശശികലക്ക് ധൈര്യം പകരുന്നത് സംസ്ഥാന സര്‍ക്കാര്‍ നയം: മുസ്‌ലിംലീഗ്

കോഴിക്കോട്: സംഘ്പരിവാറിനെ എതിര്‍ക്കുന്ന എഴുത്തുകാരെ വകവരുത്തുമെന്ന തരത്തിലുള്ള ഹിന്ദു ഐക്യവേദി പ്രസിഡന്റ് ശശികലയുടെ പ്രസ്താവന എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പൊലീസ് നയം നല്‍കുന്ന ആത്മ വിശ്വാസത്തില്‍ നിന്നുള്ളതാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കേന്ദ്ര ഭരണത്തിന്റെ ബലത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി തവണയാണ് ശശികല സമാനമായ പ്രകോപന പ്രസ്താവനകള്‍ നടത്തിയത്. ഇതു സംബന്ധിച്ച് രേഖാ മൂലം നല്‍കിയ പരാതികളില്‍ പോലും നടപടിയെടുക്കാന്‍ പൊലീസ് മടിക്കുകയാണ്.

ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവര്‍ക്കും ശശികലമാര്‍ക്കും ഇരട്ട നീതിയാണ് നടപ്പാക്കുന്നതെന്ന ആരോപണം ശക്തമായിട്ടും വാചക കസര്‍ത്തുകള്‍ക്ക് അപ്പുറം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി കടക്കുന്നില്ല. ഏറ്റവും ഒടുവില്‍ പറവൂരില്‍ ആശയ പ്രചാരണം നടത്തിയവരെ സംഘ്പരിവാര്‍ ആക്രമിച്ചപ്പോള്‍ ഇരകളെ ജയിലിലടച്ച് സംഘ്പരിവാര്‍ പ്രീണനം പ്രകടിപ്പിച്ചതും കേരളം കണ്ടതാണ്. മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ എന്തു മരുന്നിട്ടു കൊടുത്തിട്ടാണ് ശശികലമാര്‍ കേരളീയ സമൂഹത്തില്‍ വിഷം വിതറുന്നതെന്ന് സമൂഹം തിരിച്ചറിയുന്നുണ്ട്. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടിക്ക് സര്‍ക്കാര്‍ ഇനിയും മടിക്കരുതെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

chandrika: