X

ഹരിയാനയിലെ മേവാത് മേഖലയില്‍ സന്ദര്‍ശനം നടത്തി മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് സംഘം

നൂഹ്: ഹരിയാനയിലെ മേവാത് മേഖലയില്‍ സന്ദര്‍ശനം നടത്തി മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് സംഘം. നൂഹ് പ്രദേശത്തെ നല്‍ഹഡ് മെഡിക്കല്‍ കോളേജിന്റെ പരിസരത്തും നല്‍ഹഡ് ഗ്രാമത്തിലും എത്തിയ സംഘം പ്രദേശവാസികളെ നേരില്‍ കണ്ട് വസ്തുതാ ശേഖരണം നടത്തി. മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് സംഘം ഹരിയാനയിലെത്തിയത്.

മുസ്‌ലിം ലീഗ് അസിസ്റ്റന്റ് സെക്രട്ടറി സി.കെ സുബൈര്‍, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു, വൈസ് പ്രസിഡന്റ് ഷിബു മീരാന്‍, സെക്രട്ടറി അഡ്വ.ചൗധരി അസറുദ്ദീന്‍, എക്‌സിക്യുട്ടീവ് അംഗം സി കെ ഷാക്കിര്‍, അഡ്വ. ആഷ് മുഹമ്മദ് എന്നിവരാണ് പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്.

ആള്‍ക്കൂട്ട കൊലപാതക കേസില്‍ പ്രതിയായ മോനു മനേസറിന്റെ വിദ്വേഷ വീഡിയോ പുറത്തിറക്കിയ ശേഷം സംഘടിപ്പിച്ച യാത്രയുടെ മറവിലാണ് വലിയ അക്രമണവും തുടര്‍ന്ന് ബുള്‍ഡോസര്‍ അക്രമണവും നടന്നതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ലീഗ് നേതാക്കള്‍ പറയുന്നു. ‘അരവല്ലി പര്‍വതത്തിന്റെ താഴ് വരയില്‍ പതിറ്റാണ്ടുകളായി താമസിക്കുന്നവരുടെ വീടുകളാണ് ഇടിച്ചു തകര്‍ത്തത്. ഭക്ഷണ സാധനങ്ങള്‍ പോലും എടുത്തു മാറ്റാന്‍ അനുവദിച്ചില്ലെന്നും അവര്‍ പറയുന്നു. ആക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട നല്‍ഹഡ് ഗ്രാമത്തിലെ പതിനെട്ട് കുടുംബങ്ങള്‍ മരച്ചുവട്ടിലാണ് ഉറങ്ങുന്നതെന്നും ലീഗ് നേതാക്കള്‍ സന്ദര്‍ശന ശേഷം പുറത്തിറക്കിയ കുറിപ്പിലൂടെ അറിയിച്ചു.

നല്‍ഹഡിലേതടക്കം നിരവധി വീടുകളാണ് നുഹ് മേഖലയില്‍ തകര്‍ത്തത്. നല്‍ഹഡ് മെഡിക്കല്‍ കോളേജിനടുത്ത് മെഡിക്കല്‍ സ്റ്റാറ്റുകളും ലാബുകളുമടക്കം 46 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം പൂര്‍ണമായും ഇടിച്ചു തകര്‍ത്തു. 200 ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുസ് ലിം മേഖലകള്‍ മാത്രം ലക്ഷ്യം വക്കുന്ന സംഘ്പരിവാര്‍ ഭരണകൂട ഭീകരതയാണ് നൂഹില്‍ നടന്നത്. അര്‍ദ്ധരാത്രിയില്‍ പോലും വീടുകളില്‍ ഹരിയാന പൊലീസ് കയറിയിറങ്ങി ഭീഷണി തുടരുന്നതായും ലീഗ് നേതാക്കള്‍ പറയുന്നു.

വി.എച്ച്.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയ യാത്രക്ക് പിന്നാലെയായിരുന്നു നൂഹ് മേഖലയില്‍ സംഘര്‍ഷം ഉടലെടുത്തത്.

 

 

webdesk13: