X
    Categories: MoreViews

സര്‍ക്കാറിന്റേത് മദ്യവിതരണ നയം; മുസ്‌ലിംലീഗ് ശക്തമായ പ്രക്ഷോഭത്തിലേക്കെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പറയുന്നതുപോല മദ്യവര്‍ജന നയമല്ല, മദ്യവിതരണ നയമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചതെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മദ്യമുതലാളികള്‍ക്ക് അനുകൂലമായ നയം സ്വീകരിച്ചതെന്തിനാണെന്ന് സര്‍ക്കാര്‍ ജനങ്ങളോട് വിശദീകരിക്കണ മെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വീര്യം കൂടിയ മദ്യത്തില്‍ നിന്ന് മലയാളി ബിയറും വൈനും ഉപയോഗിച്ച് ശീലിച്ച് വരികയായിരുന്നു. ഇനി പഴയതിലേക്ക് തന്നെ തിരിച്ചുപോകും. ഇത് സാമൂഹികരംഗത്തുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ല. കേരളത്തെ മദ്യത്തില്‍ മുക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ മുസ്‌ലിംലീഗ് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജാതി-മതി-സമുദായ-രാഷ്ട്രീയ വ്യത്യാസമില്ലാതെ, മദ്യത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന എല്ലാ സംഘടനകളുമായും ഇക്കാര്യത്തില്‍ മുസ്‌ലിംലീഗ് സഹകരിക്കും. സാമൂഹ്യ, സാംസ്‌കാരിക സംഘടനകളും മദ്യവിരുദ്ധ പ്രവര്‍ത്തകരും ലഹരിവ്യാപനത്തിനെതിരെ നടത്തിയ പ്രയത്‌നങ്ങളെ സര്‍ക്കാര്‍ മുഖവിലക്കെടുത്തില്ല. ആവുന്നത്ര മദ്യം വിറ്റുപോകണമെന്നത് മാത്രമാണ് സര്‍ക്കാര്‍ നയത്തിന്റെ ലക്ഷ്യം. ജനവികാരം സര്‍ക്കാര്‍ തെല്ലും മാനിച്ചില്ല. ഇതുവരെ രാത്രി നേരത്തെ അടച്ചിരുന്ന മദ്യശാലകള്‍ ഇനി അര്‍ധരാത്രി വരെ തുറന്നിരിക്കും. ടൂറിസം മേഖലയിലെ ബാധിക്കുമെന്ന് പറഞ്ഞാണ് മദ്യമൊഴുക്കുന്നത്. സഞ്ചാരികള്‍ വരുന്നത് കേരളം കാണാനാണ്, മദ്യപിക്കാനല്ല. സഞ്ചാരികള്‍ കുറയുന്നത് ടൂറിസം കേന്ദ്രങ്ങളിലെ സൗകര്യക്കുറവും മലിനീകരണവും കുറ്റകൃത്യനിരക്കും കാരണമാണ്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

chandrika: