X

വൃദ്ധയുടെ വീട് ജപ്തി ചെയ്ത സംഭവം: കേരള ബാങ്ക് നടപടി മനുഷ്യാവകാശ ലംഘനമെന്ന് മുസ്‌ലിംലീഗ്

കണ്ണൂര്‍: കണ്ണൂരില്‍ വൃദ്ധയുടെയും പെണ്‍മക്കളുടെയും വീട് ജപ്തി ചെയ്ത കേരള ബാങ്ക് അധികൃതരുടെ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി. ബാങ്ക് അധികൃതര്‍ക്കെതിരെ കേസെടുക്കേണ്ട കുറ്റകൃത്യമാണ് ജപ്തിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി പറഞ്ഞു.

2012 ല്‍ വീട് നിര്‍മ്മാണത്തിന് വേണ്ടി വായ്പയായി എടുത്ത 10 ലക്ഷം രൂപയില്‍ 2016 വരെ അഞ്ചു ലക്ഷത്തോളം രൂപ തിരിച്ചടച്ചിട്ടും വീണ്ടും 19 ലക്ഷം രൂപ കുടിശ്ശികയായി കിടക്കുന്ന സാഹചര്യത്തിലാണ് മനുഷ്യത്വപരമായിട്ടുള്ള യാതൊരു സമീപനവും സ്വീകരിക്കാതെ ബാങ്ക് അധികൃതര്‍ വൈകുന്നേരം അഞ്ചുമണിക്ക് വൃദ്ധയായ സ്ത്രീയെയും അവരുടെ പ്രായം ചെന്ന ഭര്‍തൃമാതാവിനെയും മക്കളെയും പെരുവഴിയിലാക്കി വീട് ജപ്തി ചെയ്തത്.

കുടിശ്ശികയായി കിടക്കുന്ന തുക ഒറ്റത്തവണയായി തീര്‍പ്പാക്കാന്‍ ഈ മാസം 15 വരെ കേരള ബാങ്ക് അധികൃതര്‍ നല്‍കിയ നോട്ടീസ് നിലനില്‍ക്കവെയാണ് ഇന്നു കോടതി ഉത്തരവിന്റെ പേരില്‍ ജപ്തി നടപടി സ്വീകരിച്ചത്. എന്നാല്‍ ഒറ്റ തവണ തീര്‍പ്പാക്കുന്നതിന് വേണ്ടി നോട്ടീസ് നല്‍കിയ വിവരവും 2016 വരെ അഞ്ചു ലക്ഷത്തോളം രൂപ തിരിച്ചടച്ച വിവരവും കോടതി മുമ്പാകെ മറച്ചുവെച്ചു കൊണ്ടാണ് തികച്ചും മനുഷ്യത്വരഹിതമായ വിധത്തില്‍ ഈ കുടുംബത്തെ ബാങ്ക് അധികൃതര്‍ വഴിയാധാരമാക്കിയത്.

കുറച്ച് സാവകാശത്തിന് വേണ്ടി കെഞ്ചി അപേക്ഷിച്ചിട്ടും അതൊന്നും മുഖവിലക്കെടുക്കാതെ ഗൃഹനാഥയായ സുഹറ ജോലി ആവശ്യാര്‍ത്ഥം പുറത്തുപോയ സാഹചര്യത്തിലാണ് വൃദ്ധയായ ഭര്‍തൃ മാതാവിനെ പുറത്താക്കി ബാങ്ക് അധികൃതര്‍ വീട് പൂട്ടി പോയത്. പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ പുസ്തകങ്ങളും മറ്റു പഠന സാമഗ്രികളും പോലും പുറത്തെടുക്കാന്‍ അനുവദിക്കാതെ വളരെ ക്രൂരമായി സ്ത്രീകള്‍ മാത്രമുള്ള ഒരു കുടുംബത്തോട് ബാങ്ക് അധികൃതര്‍ കാണിച്ചിട്ടുള്ള ഈ ക്രൂരത പൈശാചികമാണെന്നും അടിയന്തരമായും റവന്യൂ അധികൃതരും മറ്റു ഉത്തരവാദിത്വപ്പെട്ട വരും ഈ വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്നും കരീം ചേലേരി ആവശ്യപ്പെട്ടു.

 

Chandrika Web: