X

ഇന്ത്യയില്‍ നിന്നുള്ള ലെതര്‍ കയറ്റുമതി ഇടിഞ്ഞു

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള ലെതര്‍ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഇടിഞ്ഞു. കശാപ്പ് നിരോധനം വന്നതോടെ ലെതര്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യക്കാര്‍ ഇന്ത്യയെ തഴഞ്ഞ് ചൈന, ബംഗ്ലാദേശ്, ഇന്തോനേഷ്യ, പാകിസ്താന്‍ രാജ്യങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയതോടെയാണ് കയറ്റുമതിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ജൂണില്‍ മാത്രം മൊത്തം കയറ്റുമതിയുടെ 13 ശതമാനമാണ് കുറഞ്ഞത്. ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായതായും ലെതര്‍ വ്യാപാരികള്‍ പറയുന്നു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനമായിരുന്ന ലെതര്‍ വിപണി നിലവില്‍ നിര്‍ജീവമായ അവസ്ഥയാണുള്ളതെന്ന് ഷൂമേക്കര്‍ പാര്‍ക്ക് എക്‌സ്‌പോര്‍ട്‌സ് സിഇഒ നസീര്‍ അഹമ്മദ് പറഞ്ഞു.

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഷൂസും ലെതര്‍ ഗാര്‍മെന്റ്‌സുകളും കയറ്റുമതി ചെയ്തിരുന്ന രാജ്യമാണ് ഇന്ത്യ. 5.7 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ ലെതര്‍ കയറ്റുമതിയിലൂടെ ഇന്ത്യക്കു ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷത്തില്‍ 3.2 ശതമാനത്തിന്റെ കുറവാണ് വന്നത്. ചെരിപ്പു കയറ്റുമതിയിലൂടെ മാത്രം 674 ദശലക്ഷം ഡോളര്‍ രാജ്യത്തെത്തി. ഇതില്‍ 4 ശതമാനത്തിന്റെ ഇടിവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റതോടെ അറവുകേന്ദ്രങ്ങള്‍ അടച്ചു പൂട്ടാന്‍ ഉത്തരവിട്ടിരുന്നു.
ഇതിനു പിന്നാലെയാണ് രാജ്യത്തുടനീളം കന്നുകാലികളുടെ കശാപ്പ് നിരോധിച്ച് കേന്ദ്രം ഉത്തരവിട്ടത്.

chandrika: