X

ഐ.എസ്.ആര്‍.ഒ ചാരക്കേസ്: നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം കൂട്ടി നല്‍കണമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരത്തിനൊപ്പം നമ്പി നാരായണന് നീതി ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ചാരക്കേസിലെ ഗൂഡാലോചനയെ കുറിച്ച് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടു. കേസ് വിധി പറയാന്‍ മാറ്റിവെച്ചു.

ചാരക്കേസിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന സുപ്രീംകോടതിയെ സമീപിച്ചത്. ഉന്നത വ്യക്തിത്വമുള്ള ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്ത് സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത് ഗൗരവമുള്ള വിഷയമാണെന്ന് നിരീക്ഷിച്ച കോടതി നമ്പി നാരായണന് നീതി കിട്ടണമെന്നും പറഞ്ഞു.

നമ്പി നാരായണനുള്ള നഷ്ടപരിഹാരം ഉദ്യോഗസ്ഥരില്‍ നിന്നുതന്നെയല്ലേ ഈടാക്കേണ്ടതെന്നും കോടതി ചോദിച്ചു. നഷ്ടപരിഹാരം തങ്ങള്‍ക്ക് നല്‍കാനാകില്ലെന്ന് പറഞ്ഞ സി.ബി.ഐ ചാരക്കേസിലെ ഗൂഢാലോചനയെ കുറിച്ചും കസ്റ്റഡി പീഡനത്തെ കുറിച്ചും വീണ്ടും അന്വേഷണത്തിന് തയ്യാറാണെന്ന് അറിയിച്ചു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. കേസില്‍ നമ്പി നാരായണന്റെ വാദങ്ങള്‍ അംഗീകരിച്ചുതന്നെയാണ് കേസ് വിധി പറയാന്‍ മാറ്റിയത്.

chandrika: