X
    Categories: keralaNews

ജലീലിനെ ന്യായീകരിക്കാന്‍ സിപിഎം മാത്രം; ക്യാപ്‌സൂള്‍ കൊടുത്ത് കുഴങ്ങി എം.വി ജയരാജന്‍

കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാവുമ്പോള്‍ ന്യായീകരിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ മാത്രം. തുടക്കത്തില്‍ ജലീലിന് പിന്തുണ പ്രഖ്യാപിച്ച് പിന്‍വലിഞ്ഞ സിപിഐ നേതൃത്വം പിന്നീട് ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇടത് മുന്നണിയിലെ മറ്റ് ഘടകക്ഷികളൊന്നും ജലീലിന് കാര്യമായ പ്രതിരോധം തീര്‍ക്കാന്‍ ഇതുവരെ രംഗത്ത് വന്നിട്ടില്ല. സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കള്‍ തന്നെ തുടക്കത്തില്‍ ജലീലിനെ ന്യായീകരിക്കാനിറങ്ങാന്‍ മടിച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ നിര്‍ബന്ധപ്രകാരമാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ ന്യായീകരിക്കാനിറങ്ങിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കും മന്ത്രി ഇപി ജയരാജന്റെ മകനും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ സിപിഎം നേതാക്കള്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയായിരുന്നു. ജലീലിനെ ന്യായീകരിക്കുകയല്ലാതെ സിപിഎം നേതൃത്വത്തിന് മറ്റു വഴിയില്ല എന്ന അവസ്ഥയിലാണ് ഇപ്പോള്‍ ന്യായീകരിക്കാന്‍ സിപിഎം നേതൃത്വം അണികള്‍ക്ക് നിര്‍ദേശം കൊടുത്തിരിക്കുന്നത്. എകെജി സെന്റര്‍ കേന്ദ്രീകരിച്ച് എംവി ജയരാജന്റെ നേതൃത്വത്തിലാണ് ന്യായീകരിക്കാനുള്ള വിവരങ്ങള്‍ അണികള്‍ക്ക് കൈമാറുന്നത്. ഇത് സംബന്ധിച്ച് ജയരാജന്റെ ശബ്ദ സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന ചര്‍ച്ചകള്‍ക്ക് ഒരു പരിധിവരെ തടയിടാന്‍ നിലവിലെ വിവാദങ്ങള്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി കരുതുന്നുണ്ട്. ജലീലിനെതിരെ വരുന്ന ആരോപണങ്ങളെ ഖുര്‍ആന്‍ പറഞ്ഞു പ്രതിരോധിക്കുക. ഇങ്ങനെ മതവും മതഗ്രന്ഥവും പറഞ്ഞാല്‍ ഈ വിഷയത്തില്‍ കാര്യമായ ചര്‍ച്ചയില്ലാതെ പിടിച്ചുനില്‍ക്കാനാവുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതേസമയം കേന്ദ്ര ഏജന്‍സികള്‍ ജലീലിനെ വരിഞ്ഞുമുറിക്കിയതോടെ എംവി ജയരാജന്റെ ക്യാപ്‌സൂളുകള്‍ കൊണ്ട് ഇനി എത്രനാള്‍ സര്‍ക്കാറിനും സിപിഎം നേതൃത്വത്തിലും പിടിച്ചുനില്‍ക്കാനാവുമെന്ന ചോദ്യമാണ് ഉയരുന്നത്

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: