X

റോഹിന്‍ഗ്യന്‍ കൂട്ടക്കുരുതിക്ക് പിന്നില്‍ മ്യാന്മര്‍ പട്ടാള തലവന്‍മാര്‍

ലണ്ടന്‍: മ്യാന്മറിലെ റോഹിന്‍ഗ്യന്‍ മുസ്്‌ലിം വംശഹത്യ ആസൂത്രണം ചെയ്ത് നടപ്പാക്കിയത് 13 ഉന്നത സൈനിക ഉദ്യോഗസ്ഥരാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. വടക്കന്‍ റാഖൈന്‍ സ്‌റ്റേറ്റില്‍ സൈന്യം നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു. മ്യാന്മര്‍ സൈനിക കമാന്‍ഡര്‍ ഇന്‍ ചീഫ് സീനിയര്‍ ജനറല്‍ മിന്‍ ആങ് ലെയിങും മറ്റ് ഒമ്പത് ഉദ്യോഗസ്ഥരും വംശഹത്യക്ക് നേതൃത്വം നല്‍കിയതിന് വ്യക്തമായ തെളിവുണ്ട്. മനുഷ്യാവകാശ ധ്വംസനങ്ങളാണ് നടക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്ലപോലെ അറിയാമായിരുന്നു. റോഹിന്‍ഗ്യ കൂട്ടക്കൊലകള്‍ തടയുന്നതിന് പകരം അക്രമങ്ങളെ വെള്ളപൂശാനാണ് അവര്‍ ശ്രമിച്ചത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ റോഹിന്‍ഗ്യ ഗ്രാമങ്ങളില്‍ നടന്ന സൈനിക നടപടിയില്‍ ആയിരക്കണക്കിന് മുസ്്‌ലിംകള്‍ കൊല്ലപ്പെടുകയും ഏഴ് ലക്ഷത്തോളം പേര്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുകയും ചെയ്തിരുന്നു. കൂട്ടക്കുരുതി, ബലാത്സംഗം തുടങ്ങി ഭീകരമായ മനുഷ്യാവകാശ ധ്വംസനങ്ങളാണ് റാഖൈന്‍ സ്‌റ്റേറ്റില്‍ അരങ്ങേറിയത്.

സ്‌റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സൂകി ഉള്‍പ്പെടെ മ്യാന്മര്‍ ഭരണകൂടത്തിലെ പ്രമുഖര്‍ക്കെല്ലാം ആംനസ്റ്റി ഇന്റര്‍നാഷണല്‍ തെളിവുകള്‍ കൈമാറിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കത്തിന് മ്യാന്മര്‍ ഭരണകൂടമോ സൈനിക നേതൃത്വമോ ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്ന് ആംനസ്റ്റിയുടെ മുഖ്യ ഉപദേഷ്ടാവ് മാത്യു വെല്‍സ് പറയുന്നു. ഐക്യരാഷ്ട്രസഭ വംശഹത്യയെന്ന് വിശേഷിപ്പിച്ച റോഹിന്‍ഗ്യ കൂട്ടക്കുരുതിയെക്കുറിച്ച് ജൂലൈ 27നകം വിശദീകരണം നല്‍കണമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി മ്യാന്മറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്തുകയും സ്ത്രീകളെ സൈന്യം കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തതുള്‍പ്പെടെ ഭീകരമായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

chandrika: