X

അധികാരം നഷ്ടപ്പെടുമെന്ന ഭയത്തിൽ സി.പി.എം വർഗീയതയെ കൂട്ട് പിടിക്കുന്നു: യൂത്ത് ലീഗ്

മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് കോഴിക്കോട് ഹബീബ് സെന്ററിൽ പത്ര സമ്മേളനം നടത്തുന്നു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, ട്രഷറർ എം. എ സമദ് സമീപം

കോഴിക്കോട്: സംസ്ഥാനത്ത് അധികാരം നഷ്ടപ്പെടുമെന്നുള്ള ഭയത്തിൽ സി.പി.എം വർഗീയതയെ കൂട്ട് പിടിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. പ്രസിഡന്റ് പാണക്കാട്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന മുസ്ലിം യൂത്ത്ലീഗ് സംസഥാന പ്രവർത്തക സമിതി യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഫിറോസ് ഇക്കാര്യം ആരോപിച്ചത്. മഞ്ചേശ്വരത്ത് മുസ്ലിം ലീഗിനെ പരാജയപ്പെടുത്താൻ എസ്.ഡി.പി.ഐയുമായും റാന്നിയിൽ കോൺഗ്രസ്സിനെ പരാജയപ്പെടുത്താൻ ബി.ജെ.പിയുമായും സി.പി.എം സഖ്യമുണ്ടാക്കി. വെൽഫെയർ പാർട്ടി വിവാദത്തിലൂടെ എസ്.ഡിപി.ഐയുമായി ഉണ്ടാക്കിയ സഖ്യത്തെ മറച്ച് പിടിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ചില വാർഡുകളിൽ എസ്.ഡി.പി.ഐയുമായി സി.പി.എം ഉണ്ടാക്കിയ സഖ്യത്തിന്റെ കണക്കുകളും ഫിറോസ് പുറത്ത് വിട്ടു.

നിമയസഭ തെരെഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഖ്യമോ ധാരണയോ ഉണ്ടാക്കാൻ പാടില്ലയെന്നതാണ് യൂത്ത്ലീഗിന്റെ നയം. തീവ്രവാദ സംഘടനയായ എസ്.ഡി.പി.ഐയുമായി സി.പി.എം ഉണ്ടാക്കിയ അവിശുദ്ധ സഖ്യത്തെ തുറന്ന് കാണിക്കും. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ലിസ്റ്റ് നൽകി യൂത്ത്ലീഗിന് സീറ്റുകൾ ചോദിക്കുന്ന പ്രവണത ഇല്ലെന്നും യു.ഡി.എഫിനെ ജയിപ്പിക്കുകയെന്ന ഒറ്റ അജണ്ടയാണ് യൂത്ത്ലീഗിന് ഇപ്പോൾ മുന്നിലുള്ളതെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഫിറോസ് പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് സ്വാഗതാർഹമാണെന്നും അത് യു.ഡി.എഫിന് കരുത്ത് പകരുമെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

നിയമസഭ തെരെഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും യു.ഡി.എഫിനെ അധികാരത്തിൽ കൊണ്ട് വരുന്നതിനും യൂത്ത്ലീഗ് കർമ്മ പരിപാടികൾ ആവിഷ്‌കരിച്ചതായി ഫിറോസ് അറിയിച്ചു. ജനുവരി 31നകം പുതിയ ജില്ല കമ്മിറ്റികൾ നിലവിൽ വരും. ഫെബ്രുവരി 1മുതൽ 12വരെ നിയോജക മണ്ഡലം തലത്തിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ‘ഫെയ്സ് ടു ഫെയ്സ്’ വർക്ക്ഷോപ്പുകൾ നടത്തും. ഫെബ്രുവരി 13ന് ആസ്ഥാന മന്ദിര നിർമ്മാണ പൂർത്തീകരണത്തിന് ഏകദിന ഫണ്ട് സ്വരൂപണം നടത്തും. ഫെബ്രുവരി 25,26,27,28 തിയ്യതികളിൽ സംസ്ഥാനത്തുടനീളം സംസ്ഥാന സർക്കാരിനെതിരെ യുവജന കുറ്റപത്രം സമർപ്പിച്ച് കൊണ്ട് നിയോജക മണ്ഡലംതലത്തിൽ പദയാത്രകൾ സംഘടിപ്പിക്കും. പത്രസമ്മേളനത്തിൽ സംസ്ഥാന ട്രഷറർ എം.എ സമദ്, സീനിയർ വൈസ് പ്രസിഡന്റ നജീബ് കാന്തപുരം പങ്കെടുത്തു.

zamil: