X

മുസ്‌ലിംലീഗ് പുറംതള്ളിയത് മാലിന്യങ്ങളെയെന്ന് തെളിഞ്ഞു: പി.കെ ഫിറോസ്

കാസര്‍കോട്: പി.ടി.എ റഹീം എം.എല്‍.എ കള്ളക്കടത്തു ലോബിക്കായി വഴിവിട്ട് പ്രവര്‍ത്തിച്ചതിന്റെ രേഖകള്‍ പുറത്തു വന്നത് അന്ത്യന്തം ഗൗരവതരമാണെന്നും ഇക്കാര്യം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും മുസ്്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഹവാല, കള്ളപ്പണ മാഫിയക്കായി പ്രവര്‍ത്തിക്കുകയും സ്വജനപക്ഷപാതവും അഴിമതിയും മുഖമുദ്രയാക്കുകയും ചെയ്ത ഇടതു എം.എല്‍.എമാരെ കാണുമ്പോള്‍ മുസ്്ലിം ലീഗ് പുറംതള്ളിയവര്‍ മാണിക്യക്കകല്ലുകളല്ല, വെറും മാലിന്യങ്ങളാണെന്ന് കാലം തെളിയിച്ചു. മുസ്്ലിം യൂത്ത്ലീഗ് യുവജന യാത്രക്ക് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശത്തും സ്വദേശത്തും ഹവാലക്കാര്‍ക്കായി പ്രവര്‍ത്തിച്ചുവെന്നത് ദേശ ദ്രോഹക്കുറ്റമാണ്. ഇക്കാര്യം ഗൗരവത്തിലെടുത്ത് അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. ഹവാല കള്ളക്കടത്തുകാരുമായി കൂട്ടു കച്ചവടം നടത്തുന്നതിനാണ് പി.ടി.എ റഹീമും കാരാട്ട് റസാഖും അടിക്കടി ഗള്‍ഫിലേക്ക് യാത്ര നടത്തുന്നതെന്ന ആരോപണം നിസ്സാരമല്ല. ദേശദ്രോഹ കുറ്റത്തിന്റെ നിഴലിലുള്ള പി.ടി.എ റഹീമിനെ നിയമസഭയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. സി.പി.എമ്മിന് സ്വാധീനമുള്ള മണ്ഡലങ്ങള്‍ പി.ടി.എ റഹീം, കാരാട്ട് റസാഖ്, പി.വി അന്‍വര്‍, വി അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ക്ക് തീറെഴുതി അവര്‍ക്ക് പിന്നിലുള്ള നിഗൂഢ ശക്തികളുടെ പണം മറ്റുമണ്ഡലങ്ങളില്‍ ചെലവഴിച്ച് ജനാധിപത്യം അട്ടിമറിക്കുന്നതാണ് എല്‍.ഡി.എഫ് നയം. ഇത്തരക്കാരെ ഒരു മൂല്യവും പാലിക്കാതെ സി.പി.എം സംരക്ഷിക്കുന്നത് ഈ അടിമത്തമാണ്.
സ്വന്തക്കാര്‍ക്ക് വഴിവിട്ട് നിയമനം നടത്തിയ കെ.ടി ജലീലിന് നാണംകെട്ട് രാജിവെച്ച് മന്ത്രി സ്ഥാനത്തു നിന്ന് പുറത്തു പോകേണ്ടി വരും. ദത്തു പുത്രനെ മുഖ്യമന്ത്രി സംരക്ഷിച്ചാലും യൂത്ത് ലീഗ് വലിച്ച് താഴെയിടും. ഭരണ പരാജയം മറച്ചു വെക്കാന്‍ ബി.ജെ.പിയും സി.പി.എമ്മും വര്‍ഗീയതയും വൈകാരികതയും കത്തിക്കുകയാണ്. അനനന്തപുരിയില്‍ യുവജന യാത്ര സമാപിക്കുമ്പോള്‍ അതിന്റെ അലയൊലികള്‍ ഇന്ദ്ര പ്രസ്ഥത്തിലും അലയടിക്കുമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

chandrika: