X
    Categories: Video Stories

ബൈക്കില്‍ ലോങ് റൈഡ്: സ്വന്തം അനുഭവത്തില്‍ നിന്ന് നബീല്‍ ലാലു നല്‍കുന്ന നിര്‍ദേശങ്ങള്‍

മലപ്പുറത്തു നിന്ന് ഹോണ്ട ഡിയോ സ്‌കൂട്ടറില്‍ കശ്മീരിലെ ലഡാക്ക് വരെ പോയി തിരിച്ചു വന്ന 18-കാരന്‍ നബീല്‍ ലാലു സോഷ്യല്‍ മീഡിയയിലെ താരമാണിപ്പോള്‍. ഈ ചെറുപ്രായത്തില്‍ തന്നെ നബീലിന് യാത്രയോട് തോന്നിയ പ്രണയവും ലക്ഷ്യബോധത്തോടെയുള്ള സാഹസികതയും വര്‍ഷങ്ങളുടെ യാത്രാ പാരമ്പര്യമുള്ളവരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ, ഹോണ്ട കമ്പനി അടക്കം നിരവധി പേര്‍ നബീലിന്റെ ഉദ്യമത്തിന് അനുമോദനവുമായി രംഗത്തു വന്നിട്ടുണ്ട്.

ലഡാക്ക് ട്രിപ്പിന്റെ വിശേഷങ്ങളും സാങ്കേതിക, സാമ്പത്തിക കാര്യങ്ങളുമറിയാന്‍ നിരവധി പേര്‍ തന്നെ സമീപിക്കുന്നതായി ലാലു പറയുന്നു. അത്തരക്കാര്‍ക്കു വേണ്ടി തന്റെ യാത്രയുടെ വിശദാംശങ്ങളും പ്രധാന അനുഭവങ്ങളും ചുരുക്കി വിവരിച്ചിരിക്കുകയാണ് ലാലു തന്റെ പുതിയ പോസ്റ്റില്‍. (യാത്രാപ്രിയര്‍ക്ക്, അതും ഒരല്‍പം സാഹസികത ഇഷ്ടമുള്ളവര്‍ക്ക് ഉപകാര പ്രദമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്റും, നബീലുമായി സംസാരിച്ച് ചേര്‍ത്ത ചില കാര്യങ്ങളുമായിട്ടാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.)

18 കാരന്‍ ലഡാക്ക് പോയപ്പോള്‍ കിട്ടിയ വിവരങ്ങള്‍

പല കൂട്ടുകാരും അന്വേഷിക്കുന്ന കാര്യമാണ് ലഡാക്ക് ട്രിപ്പിന് എത്ര ബഡ്ജറ്റ് ആയി എന്ന്. എന്നെ സംബന്ധിച്ചിടത്തോളം വളരെ കുറഞ്ഞ ബഡ്ജറ്റിലാണ് ലഡാക്കില്‍ പോയി വന്നത്. അതിന് കാരണം എന്റെ നല്ല കൂട്ടുകാര്‍ തന്നെ.

1. മൈലേജ്:
ഇത്രയധികം ദൂരം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പ്രധാന ചെലവ് ഇന്ധനം (പെട്രോള്‍) ആയിരിക്കും. വണ്ടിയുടെ സ്വാഭാവിക മൈലേജ് കണക്കുകൂട്ടി ഒരു ബഡ്ജറ്റ് നേരത്തെ തയ്യാറാക്കാന്‍ കഴിയുകയില്ല താനും. ഉദാഹരണത്തിന്, എന്റെ വണ്ടിക്ക് (ഹോണ്ട ഡിയോ) സാധാരണ ഗതിയിലുള്ള ഇന്ധനക്ഷമത 49 കിലോമീറ്ററിനും 53-നുമിടയിലാണ്. പക്ഷേ, ഈ മൈലേജ് മണാലിയില്‍ നിന്ന് കയറിയാല്‍ കിട്ടുകയില്ല; അത് 25നു താഴെ ആയി കുറഞ്ഞു; കാരണം ഓക്‌സിജന്റെ കുറവ് തന്നെ. ആകെ മൊത്തം, പെട്രോളിന് മാത്രം ഏകദേശം 15,000 രൂപയില്‍ താഴെയാണ് എനിക്ക് ചെലവ് വന്നത്.
പെട്രോളിന് പല സംസ്ഥാനങ്ങളിലും പല വിലയാണ്. ലിറ്ററിന് 62 രൂപ മുതല്‍ 80 രൂപ വരെ ഞാന്‍ പെട്രഓള്‍ അടിച്ചിട്ടുണ്ട്. മാഹി, ഗോവ, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ്. ഇത്തരം സ്ഥലങ്ങളില്‍ നിന്ന് ഫുള്‍ടാങ്ക് അടിക്കുന്നതിനൊപ്പം കുറച്ച് സ്റ്റോക്ക് ചെയ്യുന്നതും നല്ലതാണ്.

2. ഭക്ഷണം:
യാത്രയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഘടകമാണല്ലോ ഭക്ഷണം. കേരളം കഴിഞ്ഞാല്‍ ഭക്ഷണത്തിന്റെ കാര്യം ഒക്കെ ഒരു കണക്കാണ്. പലയിടത്തം റൈഡേഴ്‌സിന് മാത്രമായി പ്രത്യേക വില തന്നെയാവും. അതുകൊണ്ട് ആദ്യം തന്നെ വില അന്വേഷിച്ചതിനു ശേഷം ഭക്ഷണം തെരഞ്ഞെടുക്കുന്നതാവും നല്ലത്. ഒരു റൊട്ടിക്ക് ഏഴ് രൂപ മുതല്‍ 25 രൂപ വരെ നല്‍കേണ്ടി വന്നിട്ടുണ്ട്. ഭക്ഷണത്തിനു മാത്രം 7000 രൂപയോളം എനിക്ക് ചെലവായി.

3. താമസം:
താമസത്തിന് റൂമെടുക്കുന്നതാവും നല്ലത്. ടെന്റ് അത്ര സുരക്ഷിതമാണെന്ന് തോന്നുന്നില്ല. മുന്‍കൂട്ടി ഓണ്‍ലൈന്‍ വഴി റൂം ബുക്ക് ചെയ്യുന്നത് വളരെ നല്ലതാണ്. ഞാന്‍ കുറഞ്ഞ വിലയുടെ റൂമുകളാണ് തെരഞ്ഞെടുത്തത്. ഏറ്റവും വില കൂടിയ റൂമിന് എനിക്ക് ചെലവായത് 700 രൂപ മാത്രം. മണാലിയില്‍ നിന്ന് ലേയിലേക്കുള്ള ഹൈവേയില്‍ പ്രദേശവാസികളുടെ ടെന്റും വളരെ കുറഞ്ഞ വിലക്ക് ലഭിക്കും. ഒരാള്‍ക്ക് 100 മുതല്‍ 150 വരെ ഒക്കെയാണ് ടെന്റിന് ഈടാക്കുന്നത്. ഏതായാലും താമസ സൗകര്യം തെരഞ്ഞെടുക്കുമ്പോള്‍ വില പേശി മാത്രം എടുക്കുക.

4. ലൈറ്റ്:
വണ്ടിയില്‍ അത്യാവശ്യമുള്ള ഒരു എക്‌സ്ട്രാ ഫിറ്റിങ് ഉപകരണം ആണ് അഡീഷണല്‍ ലൈറ്റ്. എന്റെ അനുഭവത്തില്‍, യെല്ലോ ലാംപിനേക്കാളും കൂടുതല്‍ സഹായകമായത് ഫോഗ് ലാംപ് ആണ്. (തീര്‍ത്തും വ്യക്തിപരമായ അനുമാനം.)

5. സിം കാര്‍ഡ്:
ജമ്മു കശ്മീരില്‍ പോസ്റ്റ് പെയ്ഡ് സിം മാത്രമേ വര്‍ക്ക് ചെയ്യുക ഉള്ളൂ. ബി.എസ്.എന്‍.എല്‍, എയര്‍ടെല്‍ എന്നിവയുടെ പോസ്റ്റ്‌പെയ്ഡ് ഉണ്ട്. ഇവയില്‍ ഇന്റര്‍നെറ്റിന്റെ ആവശ്യത്തിന് പ്രത്യേകം റീചാര്‍ജ് ചെയ്യേണ്ടി വരും. നമ്മുടെ നാട്ടിലെ ബി.എസ്.എന്‍.എല്‍ ഓഫീസില്‍ നിന്ന് 600 രൂപ അടച്ച് പോസ്റ്റ്‌പെയ്ഡ് സിം വാങ്ങാം. പിന്നെ, യാത്രയിലുടനീളം അംബാനി നമ്മുടെ കൂട്ടിനുണ്ട്. കശ്മീരൊഴികെ എല്ലാ സ്റ്റേറ്റിലും ജിയോ ഉണ്ട്.

6. ലഗ്ഗേജ്:
യാത്രയില്‍ ലഗ്ഗേജ് പരമാവധി കുറക്കുക. കാരണം വണ്ടിക്കും നിങ്ങള്‍ക്കും അത് കൂടുതല്‍ ഉപകാരം ചെയ്യും. സമുദ്രനിരപ്പില്‍ നിന്ന് ഉയരത്തിലേക്ക് (ഹൈ ആള്‍ട്ടിറ്റിയൂഡ്) പോകുംതോറും വണ്ടിയുടെ വലിവ് ലഗ്ഗേജിനെ കൂടി ആശ്രയിച്ചിരിക്കും. ഞാന്‍ ആകെ കൊണ്ടുപോയത് രണ്ട് പാന്റ്‌സും മൂന്നു ഷര്‍ട്ടും മാത്രം.

7. എ.എം.എസ് (അക്യൂട്ട് മൗണ്ടന്‍ സിക്ക്‌നസ്):
എ.എം.എസ് എന്ന് പേരിട്ടു വിളിക്കുന്ന ഇവന്‍ വളരെ അപകടകാരിയാണ്. ആള്‍ട്ടിറ്റിയൂഡില്‍ ഉള്ളമാറ്റം കാരണം ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ വരുമ്പോള്‍ ഉള്ള അസുഖങ്ങളാണ് എ.എം.എസ്. തലവേദന, ഛര്‍ദ്ദി തുടങ്ങിയവ മുതല്‍ മരണകാരണമാകുന്ന അസുഖങ്ങള്‍ വരെ ഉണ്ടാകാം. അതിനുള്ള മുന്‍കരുതല്‍ ഡോക്ടറെ കണ്ട് യാത്ര പുറപ്പെടുന്നതിനു മുമ്പു തന്നെ എടുക്കുന്നത് നല്ലതാണ്. ഉശാീഃശി എന്ന ഗുളിക രാവിലെയും രാത്രിയും കഴിച്ചാല്‍ മതി.

8. സ്ലീപ്പിങ് ബാഗ്:
ഒരു ലഡാക്ക് യത്രികന്റെ അടുക്കല്‍ വേണ്ട അവശ്യ സാധനമാണ് സ്ലീപ്പിങ് ബാഗ്. ദൗര്‍ഭാഗ്യവശാല്‍ എന്റെ കൈയില്‍ ഇത് ഇല്ലായിരുന്നു. ഇതുണ്ടെങ്കില്‍ തണുപ്പില്‍ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാം. 1300 രൂപക്ക് നല്ല സ്ലീപ്പിങ് ബാഗ് ലഭിക്കും.

9. ഭൂപടം:
ലക്ഷ്യത്തിലേക്ക് എത്താന്‍ ഒരു പ്രധാന സഹായി ആണ് സ്ഥല വിവരങ്ങളടങ്ങുന്ന മാപ്പ്. ഞാന്‍ ഉപയോഗിച്ചിരുന്നത് ഗൂഗിള്‍ മാപ്പ് ആയിരുന്നു. ഗൂഗിള്‍ മാപ്പില്‍ ഓഫ് ലൈന്‍ ഓപ്ഷന്‍ ഉണ്ട്. അതുവഴി മാപ്പ് സേവ് ചെയ്ത് പിന്നീട് ഉപയോഗിക്കാന്‍ കഴിയും.

10. ഗം ബൂട്ട്:
മണാലി മുതല്‍ മുകളിലേക്ക് പോകുമ്പോള്‍ അത്യാവശ്യമുള്ള ഒരു വസ്തുവാണ് ഗം ബൂട്ട്. ചെളിയും വെള്ളവും നിറഞ്ഞ റോഡുകളിലൂടെ കടന്നുപോകുമ്പോള്‍ കാലുകള്‍ സംരക്ഷിക്കാനും തണുപ്പില്‍ നിന്ന് രക്ഷ നേടാനും അത്യാവശ്യമാണ്. മണാലിയില്‍ നിന്ന് ഞാന്‍ വാങ്ങിയ ഗം ബൂട്ടിന് 300 രൂപയാണ് വില.

11. ഹെല്‍മറ്റ്:
ഒരു റൈഡറുടെ കിരീടമാണ് ഹെല്‍മറ്റ്. ഹെല്‍മറ്റില്ലാതെ യാത്ര പോകുന്നതിനെപ്പറ്റി ചിന്തിക്കാന്‍ പോലും പാടില്ല. തലയ്ക്ക് സുരക്ഷിതത്വം ഉറപ്പു നല്‍കുന്ന ഹെല്‍മറ്റ് സ്വന്തമാക്കുക. ബൈക്ക് ട്രെയിനില്‍ കയറ്റി വിടുന്നവര്‍ക്ക് ഡല്‍ഹിയിലെ കരോള്‍ബാഗില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക നല്ല ഹെല്‍മറ്റ് ലഭിക്കും. ബൈക്ക് ആക്‌സസറീസ് കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഇവിടെ നിന്ന് ഞാന്‍ 250 രൂപയ്ക്ക് ഒരു ഗ്ലൗ വാങ്ങി. നാട്ടില്‍ വില ചോദിച്ചപ്പോള്‍ അതിന് 450 രൂപയായിരുന്നു.
25,000 രൂപയില്‍ താഴെയാണ് തനിക്ക യാത്രക്ക് ചെലവായ തുക എന്ന് നബീല്‍ ലാലു പറയുന്നു. സ്വന്തമായി കരുതിയ പണത്തിനു പുറമെ സുഹൃത്തുക്കളുടെ സഹായവും തുണയായി.

ഹോണ്ടയുടെ ‘നവി’ സ്‌കൂട്ടര്‍ സ്വന്തമാക്കുകയാണ് നബീലിന്റെ അടുത്ത ലക്ഷ്യം. അത് കിട്ടിയാല്‍ ഇന്ത്യക്ക് പുറത്ത് നേപ്പാളും ഭൂട്ടാനുമൊക്കെ കറങ്ങി വരണമെന്നാണ് ആഗ്രഹം. നാട്ടിലെത്തിയപ്പോള്‍ ഹോണ്ടയുടെ പ്രതിനിധികള്‍ അനുമോദിച്ചെങ്കിലും തങ്ങളുടെ ഡിയോ സ്‌കൂട്ടറിന്റെ പെരുമ ഇന്ത്യയിലുടനീളം കൊണ്ടുനടന്ന നബീലിനെ കാര്യമായി ‘പരിഗണിച്ചില്ല’ എന്നതാണ് സത്യം. സുഹൃത്തുക്കളുടെയും സന്നദ്ധ സംഘടനകളുടെയും അനുമോദനങ്ങള്‍ക്കിടയിലും നവി വാങ്ങാനായി അധ്വാനിക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ലാലു പറയുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: