X
    Categories: MoreViews

മാനവസൗഹാര്‍ദ്ദത്തിന്റെ കണ്‍കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ നാടെങ്ങും നബിദിനം കൊണ്ടാടി

 

പുണ്യപ്രവാചകര്‍ മുഹമ്മദ് നബി(സ്വ)യുടെ ജന്മദിനം നാടെങ്ങും ആഘോഷപൂര്‍വ്വം കൊണ്ടാടി. പലേയിടത്തും നബിദിന റാലികല്‍ മാനവസൗഹാര്‍ദ്ദത്തിന്റെ സുന്ദരമായ കാഴ്ചകളായി മാറി. മുസ്ലിം സഹോദരന്മാര്‍ക്കും പിഞ്ചു കുട്ടികള്‍ക്കും മധുര പലഹാരങ്ങളും പായസവും നല്‍കിയാണ് അയ്യപ്പഭക്തന്മാരടക്കമുള്ള അമുസ്ലിം സഹോദരങ്ങള്‍ നബിദിന റാലികള്‍ക്ക് സ്വീകരണം നല്‍കിയത്.

 വര്‍ഗ്ഗീയതയും മതസ്പര്‍ദ്ദയും രാജ്യത്തിനു തന്നെ ഭീഷണിയാകുന്ന കാലത്ത് മനുഷ്യസ്‌നേഹം മരവിക്കാത്ത ഹൃദയങ്ങള്‍ ഇനിയും ശേഷിക്കുന്നുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഈ കാഴ്ചകള്‍. തലമുറകളായ് അനുവര്‍ത്തിച്ച് വരുന്ന മനുഷ്യസ്‌നേഹത്തിന്റെ ഉത്തമ സംസ്‌ക്കാരമാണ് ഇതിലൂടെ നിലനിര്‍ത്തപ്പെടുന്നത്.

റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്റെ പ്രഭാതോദയത്തിനു മുമ്പെയുണ്ടായ തിരുപ്പിറവി അനുസ്മരിച്ച് പുലര്‍ച്ചെ മുതല്‍ മൗലീദിന്റെയും മദ്ഹ് ഗീതങ്ങളുടെയും ധ്വനി അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നു. നഗരപ്രദേശത്തും ഗ്രാമങ്ങളിലും ജനം പ്രഭാതത്തോടെ പ്രവാചകസ്മരണയുടെ സ്‌നേഹഭേരിയുയര്‍ത്തി.
മഹല്ല് കൂട്ടായ്മകളുടെ നേതൃത്വത്തിലായിരുന്നു മിക്കയിടങ്ങളിലും നബിദിന പരിപാടികള്‍. മൗലീദ് പാരായണത്തിനു പിന്നാലെ വിദ്യാര്‍ഥികളെ അണിനിരത്തി വര്‍ണാഭമായ റാലികള്‍ നടന്നു. വിദ്യാര്‍ത്ഥി റാലിക്ക് വിവിധ സ്ഥലങ്ങളില്‍ മധുര സ്വീകരണങ്ങളും ലഭിച്ചു. റാലിക്കു ശേഷം

 

ചില മദ്‌റസകളില്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടന്നു. അന്നദാന വിതരണവും സിയാറത്തുകളും കൊണ്ട് നബിദിനം വിശ്വാസികള്‍ ധന്യമാക്കി.

chandrika: