X

ഗുജറാത്തിൽ പ്രധാനമന്ത്രിക്കെതിരെ പോസ്റ്റർ ; 8 പേർ അറസ്റ്റിൽ

ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രധാനമന്ത്രിക്കെതിരെ പോസ്റ്റർ പതിച്ചതുമായി ബന്ധപ്പെട്ട് 8 പേരെ അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആം ആദ്മി പാർട്ടി രാജ്യവ്യാപകമായി പോസ്റ്റർ പ്രചാരണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. അഹമ്മദാബാദിലെ വിവിധ പ്രദേശങ്ങളിൽ പോസ്റ്ററുകൾ പതിച്ചതിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അഹമ്മദാബാദ് പോലീസ് അറിയിച്ചു.

ആം ആദ്മി പാർട്ടി “മോദി ഹഠാവോ, ദേശ് ബച്ചാവോ” കാമ്പയിൻ രാജ്യത്തുടനീളം 11 ഭാഷകളിൽ ആരംഭിച്ചു. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നീ ഭാഷകൾക്ക് പുറമെ ഗുജറാത്തി, പഞ്ചാബി, തെലുങ്ക്, ബംഗാളി, ഒറിയ, കന്നഡ, മലയാളം, മറാത്തി എന്നീ ഭാഷകളിലും പോസ്റ്ററുകൾ പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച, പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള ആയിരക്കണക്കിന് പോസ്റ്ററുകൾ ഡൽഹിയിലെ ചുവരുകളിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ 49 എഫ്‌ഐ‌ആറുകൾ രജിസ്റ്റർ ചെയ്യുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.അറസ്റ്റിലായവരിൽ രണ്ടുപേർ പ്രിന്റിംഗ് പ്രസ് ഉടമകളാണ്.

സ്വാതന്ത്ര്യ സമര കാലത്ത് തങ്ങൾക്കെതിരെ പോസ്റ്ററുകൾ പതിച്ചവരെ ബ്രിട്ടീഷുകാർ പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അറസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞിരുന്നു. അതേസമയം പൊതുമുതൽ നശിപ്പിച്ചതിനും നിയമപ്രകാരം പോസ്റ്ററുകളിൽ അച്ചടിച്ച പ്രിന്റിംഗ് പ്രസിന്റെ പേര് ഇല്ലാത്തതിനുമാണ് അറസ്റ്റ് ചെയ്തതെന്നാണ്  ഡൽഹി പോലീസിന്റെ വിശദീകരണം.

webdesk15: