X

ദേശീയഗാനത്തിന്റെ പേരില്‍ ഹിന്ദുത്വ ദേശീയത അടിച്ചേല്‍പിക്കാനാവില്ല: എം.ജി.എസ്

കോഴിക്കോട്: സിനിമാഹാളില്‍ ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട കോടതിവിധിയുടെ മറില്‍ ഹിന്ദുത്വ ദേശീയത അടിച്ചേല്‍പിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന് പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍. ഒരു വാരികക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയഗാനത്തിന്റെ പേരില്‍ വര്‍ഗീയ ധ്രുവീകരണവും രാജ്യദ്രോഹ-ദേശസ്‌നേഹ യുഗ്മവും ഉണ്ടാക്കാനുള്ള ശ്രമം പരാജയപ്പെടുക തന്നെ ചെയ്യും. സ്വാതന്ത്ര്യസമരകാലത്ത് ദേശീയഗാനമെന്ന മട്ടില്‍ ഉപയോഗിച്ചിരുന്നത് വന്ദേമാതരം ആയിരുന്നു. ജനഗണമനയല്ല. ഇക്കാര്യം ഓര്‍ക്കേണ്ടതാണ്. ദേശീയഗാനം അടിച്ചേല്‍പിക്കുന്നതില്‍ അര്‍ത്ഥമില്ല. അത് ജനാധിപത്യത്തിന് എതിരാണ്. ജനാധിപത്യത്തില്‍ പലതരത്തിലുള്ള വാദമുഖങ്ങള്‍ ഉണ്ടാകും. ഒരേ സമയം പല കാഴ്ചപ്പാടുകള്‍ക്കും നിലനില്‍ക്കാനും മത്സരിക്കാനും കഴിയുന്നു എന്നതാണ് ജനാധിപത്യത്തിന്റെ മേന്മ. മനുഷ്യരില്‍ പൊതുവെ ഒരു അധികാരവാസനയുണ്ട്. എന്നാല്‍ ഒരാള്‍ മറ്റൊരാളുടെ മേല്‍ അധികാരം ചെലുത്തുന്നത് അധാര്‍മികമാണ്. ദേശീയഗാന വിവാദം അധികാരവുമായി ബന്ധപ്പെട്ടതാണ്. ദേശീയത എന്ന കാര്യം തന്നെ വലിയൊരു അധികാര സ്വരൂപമാണ്. ബ്രിട്ടനിലെ ദേശീയഗാനം മാറ്റണമെന്ന് ബ്രിട്ടീഷുകാരില്‍ ചിലര്‍ തന്നെ മുമ്പ് ആവശ്യപ്പെട്ടിരുന്നു. അവിടെയും ദേശീയഗാനം ആലപിച്ചപ്പോള്‍ ആളുകള്‍ എഴുന്നേറ്റു നില്‍ക്കാത്ത സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എം.ജി.എസ് പറഞ്ഞു.

chandrika: