X

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയക്കും രാഹുലിനുമെതിരെ അന്വേഷണം

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ അന്വേഷണം നടത്താമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പ്രമാദമായ കേസില്‍ ആദായനികുതി വകുപ്പിന് അന്വേഷണം നടത്താമെന്നാണ് കോടതിയുടെ ഉത്തരവ്. ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ കേസിലാണ് വിധി. ഇരുവര്‍ക്കും പുറമെ മോത്തിലാല്‍ മോറ, ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, സാം പിത്രോദ, സുമന്‍ ദുബേ എന്നിവരും പ്രതികളാണ്.

കടക്കെണി മൂലം 2008-ല്‍ നിന്നു പോയ നാഷണല്‍ ഹെറാള്‍ഡ് ദിനപത്രം പ്രസിദ്ധീകരിച്ചു വന്നത് അസോഷ്യേറ്റഡ് ജേണല്‍സാണ്. പ്രസ്തുത കമ്പിനിയുടെ ആസ്തികള്‍ യങ് ഇന്ത്യന്‍ എന്ന പുതിയ കമ്പിനിക്ക് കൈമാറിയതില്‍ സാമ്പത്തിക തിരിമറിയും ക്രമക്കേടുമുണ്ടായിട്ടുണ്ടെന്നാണ് സുബ്രമഹ്മണ്യന്‍ സ്വാമി നല്‍കിയ സ്വകാര്യ അന്യായം.

നാഷണല്‍ ഹെറാള്‍ഡ് പുനരുജ്ജീവിപ്പിക്കുവാനായി സോണിയയും രാഹുലും യങ് ഇന്ത്യന്‍ എന്നൊരു സ്ഥാപനമുണ്ടാക്കി. യങ് ഇന്ത്യന്‍ കമ്പനി കോണ്‍ഗ്രസിന്റെ 50 ലക്ഷം രൂപ മുടക്കി അസോസിയേറ്റഡ് ജേണലിനെ ഏറ്റെടുത്തു. സോണിയയും രാഹുലും മറ്റ് അഞ്ചുപേരും ഇതുവഴി വമ്പിച്ച ക്രമക്കേട് നടത്തിയെന്നാരോപിച്ച് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കോടതിയെ സമീപിച്ചത്.

50 ലക്ഷം രൂപമുടക്കി ഏകദേശം 2000 കോടി ആസ്തിയുള്ള നാഷണല്‍ ഹെറാള്‍ഡിന്റെ വസ്തുതകള്‍ സ്വന്തമാക്കി കോണ്‍ഗ്രസ് പാര്‍ട്ടിക്കു നികുതി ഇളവ് അനുവദിച്ച തുക വസ്തു ഇടപാടിനായി നല്‍കി ആദായനികുതി വകുപ്പിനെ കബളിപ്പിച്ചു എന്നീ കുറ്റങ്ങളാണ് സ്വാമി ഹര്‍ജിയില്‍ ആരോപിക്കുന്നത്.

അതേ സമയം, സ്വന്തം നിയന്ത്രണത്തിലുള്ള കമ്പിനിക്കു വായ്പ നല്‍കിയതില്‍ തെറ്റില്ലെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെന്നും കോണ്‍ഗ്രസ് വക്താവ് അറിയിച്ചു.

chandrika: