X

അച്ഛേ ദിന്‍’ രണ്ടാം പ്രസവത്തിനില്ല: 6000 രൂപയെന്ന വാഗ്ദാനം കേന്ദ്രം വിഴുങ്ങി

ന്യൂഡല്‍ഹി: പുതുവര്‍ഷത്തലേന്ന്, നോട്ട് അസാധുവാക്കലിന്റെ 50 നാള്‍ പിന്നിട്ടശേഷം ദൂരദര്‍ശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായ പ്രസവ ശുശ്രൂഷയ്ക്കുള്ള 6000 രൂപ പാഴ്‌വാക്കാകുന്നു.
എല്ലാ പ്രസവത്തിനും 6000 എന്നതിന് പകരം ആദ്യ പ്രസവത്തിന് മാത്രമായി ചുരുക്കാനാണ് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ തീരുമാനം. ഫണ്ടില്ലാത്തതാണ് കാരണമെന്ന് മന്ത്രാലയം വിശദീകരിക്കുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് വാഗ്ദാനത്തില്‍നിന്നുള്ള പിന്നാക്കം പോകല്‍. ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് മന്ത്രാലയം അറിയിച്ചു. പ്രസവ ശുശ്രൂഷയ്ക്കായി നീക്കിവെച്ച തുക 60 ശതമാനത്തില്‍ നിന്ന് 50ആക്കി ചുരുക്കാനും തീരുമാനമായി. പ്രധാനമന്ത്രിയുടെ ഓഫീസുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പുതിയ പരിഷ്‌കാരം ഉടന്‍ പുറത്തിറക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

നോട്ട് അസാധുവാക്കലില്‍ വിമര്‍ശം ഉയരുന്നതിനിടയിലായിരുന്നു ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം.19 വയസിനു മുകളിലുള്ള ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളുമാണ് പദ്ധതിയുടെ പരിധിയില്‍ വരിക. 2017-2018 വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ പദ്ധതിയ്ക്കായി 2700 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നീക്കിവെച്ചിരുന്നു.

ഓരോ വര്‍ഷവും 2.6 കോടിയിലധികം ജനനം നടക്കുന്നതു കൊണ്ട് കേന്ദ്ര ബജറ്റില്‍ അനുവദിച്ച തുകകൊണ്ട് മാത്രം പദ്ധതി നടപ്പിലാക്കാന്‍ സാധിക്കില്ല. വര്‍ഷം 16,000 കോടി രൂപയെങ്കിലും ഇതിനായി ആവശ്യമുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 2010 ഒക്ടോബറില്‍ രണ്ടാം യുപിഎ സര്‍ക്കാറാണ് പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ 650 ജില്ലകളില്‍ ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന എന്ന പേരില്‍ പദ്ധതി നടപ്പിലാക്കിയത്.

chandrika: