X

ഹിന്ദുത്വ ഭീകര കേസുകള്‍ കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുന്നുവെന്ന് ചിദംബരം

ന്യൂഡല്‍ഹി: തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഉള്‍പ്പെട്ട ഭീകര കേസുകള്‍ കോടതികളില്‍ തകരാന്‍ കേന്ദ്രത്തിലെ എന്‍.ഡി.എ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്നതായി മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരം. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ആര്‍.എസ്.എസ് നേതാവായിരുന്ന സുനില്‍ ജോഷിയെ കൊലപ്പെടുത്തിയ കേസില്‍ സാധ്വി പ്രഗ്യാസിങ് താക്കൂറിനെ ഈമാസമാദ്യം ദേവാസിലെ കോടതി വെറുതെ വിട്ട പശ്ചാതലത്തില്‍ കൂടിയാണ് ചിദംബരത്തിന്റെ പരാമര്‍ശം. ഹിന്ദു ഭീകരവാദത്തിന്റെ സൂത്രധാരനായാണ് സുനില്‍ ജോഷി അറിയപ്പെടുന്നത്. ആര്‍.എസ്.എസും അഭിനവ് ഭാരതുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. ഹിന്ദുത്വ തീവ്രവാദികള്‍ പ്രതികളായ പല കേസുകളും ഈയിടെ കോടതികളില്‍ പരാജയപ്പെട്ടിരുന്നു. 2008ലെ മലേഗാവ് സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പ്രഗ്യാസിങ് താക്കൂര്‍ അടക്കമുള്ള ആറു പേര്‍ക്കെതിരെ ചുമത്തപ്പെട്ട എല്ലാ കേസുകളും എന്‍.ഐ.എ ഒഴിവാക്കുകയും ചെയ്തിരുന്നു. 2007ലെ അജ്മീര്‍ ദര്‍ഗ, സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസുകളില്‍ പല സാക്ഷികളും കൂറുമാറുകയും ചെയ്തിരുന്നു.

താന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാനങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയ ഹിന്ദുത്വ ഭീകര കേസുകള്‍ മുഴുവനും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കുകയാണെന്നും ചിദംബരം ഉദാഹരണ സഹിതം വ്യക്തമാക്കി. രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി എങ്ങിനെയാണ് ബി.ജെ.പി അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്നതെന്നതിന്റെ കൃത്യമായ തെളിവുകളാണിതെന്നും അദ്ദേഹം പറഞ്ഞു. സാക്ഷികള്‍ ഒന്നിനു പുറകെ ഒന്നായി കൂറു മാറുന്നതും ഒരു കേസില്‍ പോലും സാക്ഷികള്‍ ഇല്ലാതാവുന്നതും എങ്ങിനെയെന്നും ചിദംബരം ചോദിച്ചു.

ഇനി ഇതാണ് സത്യമെങ്കില്‍ സാക്ഷിമൊഴിയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ഭരണകാലത്ത് കേസിന്റെ കാര്യത്തില്‍ എന്‍.ഐ. എക്ക് ഒരു നിര്‍ദേശവും നല്‍കിയിരുന്നില്ലെന്നും കോടതികള്‍ അവരുടെ റോളാണ് വഹിച്ചിരുന്നതെന്നും പറഞ്ഞ പി. ചിദംബരം കേന്ദ്ര സര്‍ക്കാര്‍ മാറിയതോടെ എല്ലാം മാറിയെന്നും ഇപ്പോള്‍ എന്തു തരം ക്രിമിനല്‍ നിയമമാണ് നടക്കുന്നതെന്നും ചോദിച്ചു.

chandrika: