X

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്

ഇസ്ലാമാബാദ്: സ്വര്‍ഗത്തിലും നരകത്തിലും ആരുപോകണമെന്ന് തീരുമാനിക്കുന്നതു മറ്റുള്ളവരുടെ ജോലിയല്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്.
ഗ്രാമങ്ങളിലെ നിര്‍ബന്ധപൂര്‍വ്വ മതപരിവര്‍ത്തനത്തിനെതിരെ ഹോളി ദിനത്തിലെ ആശംസാപ്രസംഗത്തില്‍ രാജ്യത്തെ ഹിന്ദു സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി.
നിര്‍ബന്ധപൂര്‍വം ഒരു മതത്തെ മറ്റൊരാളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും അത്തരത്തിലുള്ള മതപരിവര്‍ത്തനത്തിനും മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളെ അക്രമം നടത്തുന്നതിനും ശക്തമായ നടപടിയുണ്ടാവുമെന്നും ഷെരീഫ് താക്കീത് നല്‍കി.

ഗ്രാമപ്രദേശങ്ങളില്‍ ഹിന്ദുക്കളെ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം ചെയ്യിക്കുന്നതായുള്ള പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഷെരീഫിന്റെ പ്രസ്താവന.

എല്ലാതരം മനുഷ്യര്‍ക്കും പ്രാധാന്യം നല്‍കുന്ന മതമാണ് ഇസ്‌ലാം. ഒരു മതത്തെ സ്വീകരിക്കണമെന്നു മറ്റൊരാളെയും നിര്‍ബന്ധിക്കേണ്ട ആവശ്യമില്ല. നിര്‍ബന്ധന മാറ്റം ഇസ്‌ലാമിനകത്തെ തന്നെ കുറ്റകൃത്യമാണ്. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

പാക്കിസ്ഥാന്‍ രൂപീകൃതമായത് ഏതെങ്കിലുമൊരു മതത്തിന് എതിരായല്ല. ഏതൊരു മതത്തേയും മോശമായ രീതിയില്‍ കണക്കാക്കുന്നതു തെറ്റാണ്. ഏതു മതത്തിലായാലും പാക്കിസ്ഥാനിലെ എല്ലാവര്‍ക്കും തുല്യ അവസരം ഉണ്ടാകാനും അവരുടെ മികച്ച ജീവിത നിലവാരത്തിനും പുരോഗതിക്കും വേണ്ടിയാണ് താന്‍ ആഗ്രഹിക്കുന്നത്. പാക്കിസ്ഥാനെ ഭൂമിയിലെ സ്വര്‍ഗമാക്കുകയാവണം നമ്മുടെ ലക്ഷ്യം, ഷെരീഫ് പറഞ്ഞു.

chandrika: