X

മത്സരത്തിനൊരുങ്ങി തുഷാര്‍; സി.പി.എമ്മും വെള്ളാപ്പള്ളിയും വെട്ടില്‍

നസീര്‍ മണ്ണഞ്ചേരി
ആലപ്പുഴ: തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായതോടെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സിപിഎം നേതൃത്വവും വെട്ടിലായി. നിരവധി ‘ഓഫറുകള്‍’ നല്‍കി വെള്ളാപ്പള്ളി കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള സംഘടന വോട്ടുകള്‍ ലക്ഷ്യമിട്ട് മാസങ്ങളായി സിപിഎം നടത്തിയ നീക്കങ്ങളാണ് തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ പൊളിഞ്ഞിരിക്കുന്നത്. തുഷാര്‍ മത്സരിക്കുന്നതോടെ ആനുകൂല്യങ്ങള്‍ പറ്റാനായി ഒരേ സമയം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇഷ്ടക്കാരനായി രംഗത്തെത്തുന്ന ‘കണിച്ചുകുളങ്ങര പൊളിറ്റിക്‌സിന്’ താല്‍ക്കാലിക അവധി നല്‍കാന്‍ വെള്ളാപ്പള്ളി നടേശനും നിര്‍ബന്ധിതനാകും.

മൈക്രോഫിനാന്‍സ് കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സഹായം വാഗ്ദാനം ചെയ്തും വിവിധ പദ്ധതികള്‍ വെള്ളപ്പള്ളിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് നല്‍കിയും വോട്ട് ഉറപ്പിക്കാനുള്ള നീക്കമാണ് സിപിഎം മാസങ്ങളായി നടത്തിയത്. വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ കാര്യവാഹക് സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട സിപിഎം നേതൃത്വം തന്നെ മുഖ്യമന്ത്രി പിണറായി വിജയനേയും നാല് മന്ത്രിമാരേയും കണിച്ചുകുളങ്ങരയിലെ വീട്ടിലേക്ക് അയച്ചായിരുന്നു ലോക്‌സഭ തെരഞ്ഞെടുപ്പിന് വോട്ട് ഉറപ്പിച്ചത്.

തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ സിപിഎം നീക്കങ്ങളെല്ലാം വ്യഥാവിലായി.
തുഷാര്‍ മത്സര രംഗത്ത് ഇറങ്ങണമെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യം സിപിഎം ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന കാരണത്താല്‍ തുടക്കം മുതലെ വെള്ളപ്പള്ളി അംഗീകരിച്ചിരുന്നില്ല. കൂടാതെ തുഷാര്‍ മത്സരിച്ചാല്‍ എസ്എന്‍ഡിപി യോഗത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനവും എസ്.എന്‍ ട്രസ്റ്റിലെ സ്ഥാനങ്ങളും രാജിവെക്കണമെന്ന ഭീഷണിയും വെള്ളാപ്പള്ളി മുഴക്കിയിരുന്നു. എന്നാല്‍ എസ്എന്‍ഡിപി യോഗത്തിന്റെ ഭാരവാഹിത്വത്തില്‍ ഇരുന്ന് മുന്‍പ് പല നേതാക്കളും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളായി മത്സരിച്ചിട്ടുണ്ടെന്ന സംഘടനയിലെ തുഷാര്‍ അനുകൂലികള്‍ തെളിവ് നിരത്തിയതോടെ വെള്ളാപ്പള്ളി തന്റെ വാദത്തില്‍ നിന്നും പിന്നാക്കം പോയി.

ആനുകൂല്യങ്ങള്‍ക്കായി ആര്‍ക്കുപിന്നാലെയും പോകുന്ന വെള്ളപ്പള്ളിയെ ലക്ഷ്യമിട്ട് ബിജെപി കേന്ദ്രനേതൃത്വം നടത്തിയ അപ്രതീക്ഷിത നീക്കങ്ങളാണ് പുതിയ മനം മാറ്റത്തിന് കാരണം.
എന്‍ഡിഎ മുന്നണിയില്‍ ബിഡിജെഎസ് തുടരണമെങ്കില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അന്ത്യശാസനം വന്നതോടെ വെള്ളാപ്പള്ളി നിലപാട് മയപ്പെടുത്തുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റാലും രാജ്യസഭ സീറ്റ് വാഗ്ദാനവും എന്‍ഡിഎ അധികാരത്തില്‍ എത്തിയാല്‍ കേന്ദ്രമന്ത്രി സ്ഥാനും തുഷാറിന് വാഗ്ദാനം ലഭിച്ചതോടെ വെള്ളാപ്പള്ളി വീണ്ടും ബിജെപി അനുകൂല നിലപാടിലേക്ക് ചുവട് മാറ്റുകയായിരുന്നു. അതിന്റെ തുടക്കമായാണ് മുന്നണി സംവിധാനമാകുമ്പോള്‍ തുഷാര്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന.

കൂടാതെ കേരളത്തിലെ ഇടത്-വലത് മുന്നണികളെ താന്‍ എതിര്‍ക്കാന്‍ നില്‍ക്കുന്നില്ലെന്നും ഇവര്‍ ഡല്‍ഹിയിലെത്തിയാല്‍ ഒരുമിച്ചാണെന്ന ബിജെപി വാദം വീണ്ടും വെള്ളാപ്പള്ളി ഉയര്‍ത്തിയത് പുതിയ നിലപാട് മാറ്റത്തിന്റെ സൂചനയാണ്.

വെള്ളാപ്പള്ളിയുടെ വാദം അംഗീകരിച്ച് തെരഞ്ഞെടുപ്പ് കാലയളവില്‍ എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ നിന്നും മാറി നില്‍ക്കാനും തുഷാര്‍ സന്നദ്ധനാണെന്നാണ് അറിവ്.
നിലവില്‍ സംഘടനയിലെ സ്വാധീനം ഉപയോഗിച്ച് ഏത് നിമിഷവും തുഷാറിന് പഴയ സ്ഥാനത്തേക്ക് മടങ്ങി വരാമെന്നതില്‍ അച്ഛന്റെ ആവശ്യം അംഗീകരിക്കാന്‍ മറ്റു തടസ്സങ്ങള്‍ ഉണ്ടാകില്ല. ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദത്തെ മറികടക്കാന്‍ സിപിഎം ഉറപ്പിച്ച വോട്ടുകള്‍ തുഷാര്‍ മത്സരിക്കുന്നതോടെ എന്‍ഡിഎയിലേക്ക് പോകുമോയെന്ന ആശങ്കയിലാണ് എല്‍ഡിഎഫ് ക്യാമ്പ്.

chandrika: