X

എന്‍ഡിഎയ്ക്ക് നേരിയ മുന്‍തൂക്കം; തൊട്ടുപിന്നില്‍ മഹാസഖ്യം- ബിഹാറില്‍ ഇഞ്ചോടിഞ്ച്

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ പിന്നില്‍ നിന്ന് എന്‍ഡിഎ നില മെച്ചപ്പെടുത്തുന്നു. പത്തു മണിയോടെ 112 സീറ്റിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. മഹാസഖ്യം 108 ഇടത്ത് മുന്നില്‍ നില്‍ക്കുന്നു. എല്‍ജെപി അഞ്ചിടത്തും.

ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി നിലവിലുള്ളത്. 69 ഇടത്താണ് ആര്‍ജെഡി മുമ്പില്‍ നില്‍ക്കുന്നത്. ബിജെപി 62 ഇടത്ത് ലീഡ് ചെയ്യുന്നു. ജെഡിയു 45 ഇടത്തും കോണ്‍ഗ്രസ് 22 സീറ്റിലും ലീഡ് ചെയ്യുന്നു. സിപിഎം നാലിടത്തും സിപിഐഎംഎല്‍ പത്തിടത്തം ലീഡ് ചെയ്യുകയാണ്.

ആദ്യഘട്ടത്തിലെ തിരിച്ചടിയ്ക്ക് ശേഷമാണ് എന്‍ഡിഎ സംസ്ഥാനത്ത് നില മെച്ചപ്പെടുത്തുന്നത്. അതേസമയം, പകുതിയിലേറെ വോട്ടുകള്‍ ഇനി എണ്ണാനുമുണ്ട്.

ആദ്യ ഫലസൂചനകള്‍ പുറത്തുവന്ന വേളയില്‍ തന്നെ ഭരണകക്ഷിയായ ജെഡിയു തോല്‍വി സമ്മതിച്ചു. ജനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്നും ആര്‍ജെഡിയോ തേജസ്വി യാദവോ അല്ല, കോവിഡാണ് തങ്ങളെ തോല്‍പ്പിച്ചത് എന്നും പാര്‍ട്ടി വക്താവ് കെ.സി ത്യാഗി പറഞ്ഞു. എന്‍ഡിടിവിയോട് സംസാരിക്കുകയാരുന്നു അദ്ദേഹം.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ് സ്വന്തം മണ്ഡലമായ രഘോപുരില്‍ ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ വ്യക്തമായ മേധാവിത്വമാണ് തേജസ്വി പുലര്‍ത്തുന്നത്. ബിജെപിയുടെ സതീഷ് കുമാറാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

ആര്‍ജെഡിയുടെ തേജ്പ്രതാപ് ഹസന്‍പൂരില്‍ ലീഡ് ചെയ്യുകയാണ്. എച്ച്എഎം സ്ഥാപകന്‍ ജിതന്‍ റാം മാഞ്ചി ഇമാംഗഞ്ചില്‍ മുമ്പിട്ടു നില്‍ക്കുന്നു. ജെഡിയു മന്ത്രി ജയ് കുമാര്‍ സിങ് ദിനാറയില്‍ പിന്നിലാണ്. പ്ലൂരല്‍സ് പാര്‍ട്ടിയുടെ പുഷ്പം പ്രിയ ബങ്കിപൂരില്‍ പിന്നിലാണ്. ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകന്‍ ലുവ് സിന്‍ഹയും പിന്നിലാണ്.

Test User: