X

എന്‍ഡിടിവി ഇടപാട് പൂര്‍ത്തിയായി: 27.26ശതമാനം ഓഹരികളും അദാനിയുടെ കയ്യില്‍, കൈവശമുള്ളത് 5 ശതമാനം

എന്‍ഡിടിവിയുടെ സ്ഥാപകരായ പ്രണോയ് റോയിയും രാധിക റോയിയും 27.26ശതമാനം ഓഹരികള്‍ അദാനിക്ക് വിറ്റു. ദമ്പതികളുടെ കൈവശം ഇനി അവശേഷിക്കുക അഞ്ചു ശതമാനം ഓഹരി മാത്രമാണ്. ഇതോടെ എന്‍ഡിടിവിയുടെ 64.7ശതമാനം ഓഹരികളും ഗൗതം അദാനിയുടെ കൈവശമായി.

രാധിക റോയിയും പ്രണോയ് റോയിയും ചേര്‍ന്ന് രൂപവത്കരിച്ച നിക്ഷേപക കമ്പനിയായ ആര്‍.ആര്‍.പി.ആര്‍. 2009ല്‍ വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ െ്രെപവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള കമ്പനിയില്‍ നിന്ന് 403.85 കോടി രൂപ വായ്പയെടുത്തിരുന്നു. ആര്‍.ആര്‍.പി.ആറിലെ 99.5 ശതമാനം ഓഹരിയായിരുന്നു ഈടായി നല്‍കിയത്. ആര്‍.ആര്‍.പി.ആറിന് എന്‍.ഡി.ടി.വിയില്‍ 29.18 ശതമാനം ഓഹരിയാണ് ഉണ്ടായിരുന്നത്.

മുകേഷ് അംബാനിയുടെ റിലയന്‍സുമായി ബന്ധമുണ്ടായിരുന്ന സംരംഭമായിരുന്നു വിശ്വപ്രധാന്‍ കൊമേഴ്‌സ്. ഇതിനെ പിന്നീട് ഗൗതം അദാനി ഏറ്റെടുത്തു. ഇതിനിടെ, കടം തിരിച്ചടയ്ക്കാനുള്ള സമയപരിധിയും കഴിഞ്ഞു. ഇതോടെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ആര്‍.ആര്‍.പി.ആറിന്റെ നിയന്ത്രണം അവര്‍ സ്വന്തമാക്കുകയും അതുവഴി എന്‍.ഡി.ടി.വി.യുടെ 29.18 ശതമാനം ഓഹരികള്‍ കൈകളിലെത്തുകയും ചെയ്തത്. അതിന് പിന്നാലെ, ഓപ്പണ്‍ ഓഫര്‍ വഴി 8.32 ശതമാനം ഓഹരി കൂടി സ്വന്തമായതോടെ അവരുടെ പങ്കാളിത്തം ഏതാണ്ട് 37.50 ശതമാനത്തിലേക്ക് ഉയര്‍ന്നു. ഇതിന് പിന്നാലെ റോയ് ദമ്പതികളുടെ ഓഹരി കൂടി സ്വന്തമാക്കിയതിലൂടെ എന്‍ഡിടിവിയുടെ നിയന്ത്രണം അദാനിയുടെ കൈകളിലായി.

webdesk13: