X

മൂന്ന് മാസമായി തലയോടിന്റെ പാതി ഫ്രീസറില്‍; അനൂപിന്റെ ജീവന്റെ വില അഞ്ച് ലക്ഷം രൂപ!

നെടുങ്കണ്ടം: അപകടത്തില്‍പെട്ടതിനെത്തുടര്‍ന്നു മുറിച്ചു മാറ്റിയ തലയോട് മൂന്നു മാസമായി ആശുപത്രിയിലെ ഫ്രീസറില്‍. ഇതു തിരിച്ചു ചേര്‍ക്കാന്‍ ഡോക്ടര്‍ നിശ്ചയിച്ചു നല്‍കിയ ശസ്ത്രക്രിയാ തീയതി കഴിഞ്ഞു. പണമില്ലാത്തതിനാല്‍ വീണ്ടും 15 ദിവസം കൂടി അവധി ചോദിച്ചു. ആ അവധി ഇന്നലെ തീര്‍ന്നു. നെടുങ്കണ്ടം പാമ്പാടുംപാറ ഒറ്റപ്ലാക്കല്‍ രാധാകൃഷ്ണന്റെ മകന്‍ അനൂപ് (27) ആണ് സ്വന്തം തലയോടിന്റെ പാതി തിരിച്ചു കിട്ടാന്‍ കനിവു കാത്തിരിക്കുന്നത്. ഇനിയും അവധി പറഞ്ഞു നീട്ടിക്കൊണ്ടുപോയാല്‍ അനൂപിന്റെ ജീവന്‍ തന്നെ അപകടത്തിലാകും. ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ചു ബെംഗളൂരുവില്‍ ജോലിക്കു ചേര്‍ന്ന അനൂപ് ഫെബ്രുവരിയില്‍ അവധിക്കു നാട്ടില്‍ വന്നതാണ്. കോവിഡ് മൂലം തിരിച്ചു പോകാനായില്ല.

ഓഗസ്റ്റ് 2ന് വാഴവര എന്ന സ്ഥലത്തു വച്ച് നിയന്ത്രണം വിട്ട കാര്‍ അനൂപിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചിരുന്നു. സംഭവസ്ഥലത്ത് ബോധമറ്റു കിടന്ന അനൂപിനെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ഐസിയു ഒഴിവില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്കു റഫര്‍ ചെയ്തു.

കാരിത്താസ് ആശുപത്രിയില്‍ ദിവസങ്ങളോളം മരണത്തോടു മല്ലിട്ടു കിടന്ന അനൂപിന്റെ തലച്ചോറിനേറ്റ ക്ഷതം പരിഹരിക്കാനാണു തലയോടിന്റെ ഒരു ഭാഗം മുറിച്ചു ഫ്രീസറില്‍ വയ്‌ക്കേണ്ടി വന്നത്. തലച്ചോറിലെ നീര്‍ക്കെട്ട് പൂര്‍ണമായി മാറിയാല്‍ മൂന്നുമാസത്തിനുശേഷം തിരിച്ചു വയ്ക്കണമെന്നു ഡോക്ടര്‍ പറഞ്ഞിരുന്നു.

ഇതിന് 5 ലക്ഷം രൂപയാണ് ചെലവ്. തുടര്‍ന്നു കഴിക്കേണ്ടി വരുന്ന മരുന്നിനു വേറെയും. ഒരു വര്‍ഷത്തെ തുടര്‍ ചികിത്സയാണു ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇപ്പോള്‍ എഴുന്നേറ്റിരിക്കാനാവും.. ജീവന്‍ രക്ഷിച്ചെടുക്കാന്‍ ഇതു വരെ നടത്തിയ ചികിത്സയ്ക്കു മാത്രം അഞ്ചര ലക്ഷം രൂപ ചെലവായി. ഇതിന്റെ കടത്തിനു പിന്നാലെയാണ് 5 ലക്ഷം രൂപ കൂടി ആവശ്യമെന്ന സ്ഥിതി വന്നിരിക്കുന്നത്. നവംബര്‍ 2നു നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയ പണമില്ലാത്തതിനാല്‍ മുടങ്ങി. 2 ആഴ്ചത്തെ അവധി ചോദിച്ചതും ഇന്നലെ കഴിഞ്ഞു. ഇനി അവധിയില്ല. അനൂപിനെ സഹായിക്കാനായി നാട്ടുകാര്‍ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്..

പഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം, വാര്‍ഡംഗം ആന്റണി പെരുമ്പുറം, അച്ഛന്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരില്‍ നെടുങ്കണ്ടം ഫെഡറല്‍ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുറന്നു. അനില്‍ കട്ടൂപ്പാറയാണ് സഹായസമിതി സെക്രട്ടറി. അക്കൗണ്ട് നമ്പര്‍ 10180100271731. ഐഎഫ്എസ് കോഡ്: എഫ്ഡിആര്‍എല്‍0001018 വിലാസം: അനൂപ് രാധാകൃഷ്ണന്‍, ഒറ്റപ്ലാക്കല്‍, ചേമ്പളം. പാമ്പാടുംപാറ. ഫോണ്‍: 9072122816.

 

web desk 3: