X

ഹൃദയം തകര്‍ന്ന് നീനു; ആശ്വസിപ്പിക്കാനാകാതെ കുടുംബാംഗങ്ങളും നാട്ടുകാരും

കോട്ടയം: കോട്ടയത്ത് ദുരഭിമാനക്കൊലക്ക് ഇരയായ കെവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു. വീട്ടിലെത്തിയ കെവിന്റെ മൃതദേഹത്തിന് മുന്നില്‍ ഭാര്യ നീനുവും കുടുംബാംഗങ്ങളും പൊട്ടിക്കരഞ്ഞു. വളരെ പാടുപെട്ടാണ് ഭാര്യ നീനുവിനെ മൃതദേഹത്തിനു മുകളില്‍ നിന്ന് എടുത്തുമാറ്റിയത്. കെവിന്റെ അച്ഛനാണ് നീനുവിനെ പിടിച്ചുമാറ്റിയത്. തികച്ചും വൈകാരികമായ രംഗങ്ങളായിരുന്നു വീട്ടില്‍ അരങ്ങേറിയത്. നീനുവിനേയും കുടംബാംഗങ്ങളേയും ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും കഴിഞ്ഞില്ല. മൃതദേഹം പൊതുദര്‍ശനത്തിനു വെക്കാനും കഴിയാത്ത സ്ഥിതിയിലായിരുന്നു വീട്ടിലെ രംഗങ്ങള്‍.

വൈകുന്നേരം മൂന്നുമണിയോടെയാണ് സംസ്‌കാരം നടക്കുക. കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. ഉച്ചക്ക് രണ്ടരയോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. അതുവരെ നാട്ടുകാര്‍ക്ക് മൃതദേഹം പൊതുദര്‍ശനത്തിനുള്ള അവസരം നല്‍കും.

നേരത്തെ, മരിക്കും വരെ കെവിന്റെ ഭാര്യയായിരിക്കുമെന്ന് നീനു പറഞ്ഞിരുന്നു. ഭര്‍ത്താവിനെ കൊന്ന സ്വന്തം വീട്ടുകാരുടെ അടുത്തേക്ക് ഇനി പോകില്ലെന്നും കെവിന്റെ വീട്ടില്‍ തന്നെ ജീവിക്കുമെന്നും നീനു മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

എന്താണ് നടന്നതെന്ന് തനിക്കറിയില്ല. സ്വന്തം സഹോദരന്‍ കെവിനെ കൊല്ലാന്‍ ഒരുമ്പെടും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. കെവിനെ കാണാനില്ലെന്ന പരാതിയുമായി സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ തീരുമാനത്തില്‍ മാറ്റമൊന്നുമില്ലേ എന്നാണ് ആദ്യം എസ്.ഐ ചോദിച്ചത്. സ്വന്തം വീട്ടിലേക്ക് പോകില്ലെന്നും കെവിന്റെ കൂടെയേ ജീവിക്കൂവെന്നും, കെവിനെ കണ്ടു പിടിച്ചു തരണമെന്നും പറഞ്ഞു. അതോടെ തന്നോട് സ്‌റ്റേഷനിലിരിക്കാന്‍ പറഞ്ഞു. പിന്നെ മാധ്യമങ്ങള്‍ വരുന്നത് വരെ താന്‍ അവിടെ ഇരിക്കുകയായിരുന്നു. പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും നീനു പറഞ്ഞു.

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ കെവിന്റെ വീട്ടുകാര്‍ക്കൊപ്പം പോവാനാണ് ഇഷ്ടമെന്ന് താന്‍ പറഞ്ഞു. അതിന് മജിസ്‌ട്രേറ്റ് അനുവാദം നല്‍കി. കേസ് കുറച്ചു ഗുരുതരമാണെന്നും കെവിനെ പെട്ടെന്ന് കണ്ടുപിടിക്കണമെന്നും മജിസ്‌ട്രേറ്റ് പൊലീസിനോട് പറഞ്ഞിരുന്നുവെന്നും നീനു വ്യക്തമാക്കി.

അതേസമയം, കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോക്ക് പുറമെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് തെളിഞ്ഞു. നീനുവിന്റെ പിതാവ് ചാക്കോക്ക് കൊലപാതതകത്തില്‍ പങ്കുണ്ടെന്ന് സ്ഥിരീകരിച്ച പൊലീസ് ഇയാളെ പ്രതി ചേര്‍ത്തു.

ഷാനു ചാക്കോയും പിടിയിലാകാനുള്ളവരും തമിഴ്‌നാട്ടിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇവര്‍ക്കായി പൊലീസ് തമിഴ്‌നാട്ടിലെത്തി തിരച്ചില്‍ നടത്തുകയാണ്.

chandrika: