X

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയം; നീതി ആയോഗിനു മുന്നിലേക്ക് കര്‍ഷകരുടെ പ്രതിഷേധമാര്‍ച്ച്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാഷ്ട്രീയ കിസാന്‍ മഹാ സംഘിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് കര്‍ഷകര്‍ നീതി ആയോഗിനു മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിലും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുന്നതിലും സ്വാമിനാഥന്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍മൊള്ള പറഞ്ഞു. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ജന്തര്‍ മന്ദറില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഖിലേന്ത്യാ കിസാന്‍ സഭ, അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍, ഭൂമി അധികാര്‍ ആന്ദോളന്‍ തുടങ്ങിയ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. കിസാന്‍ സഭ പ്രസിഡന്റ് അമ്രാ റാം, ജോയിന്റ് സെക്രട്ടറിമാരായ എന്‍ കെ ശുക്‌ള, വിജൂ കൃഷ്ണന്‍, കര്‍ഷക തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് തിരുനാവക്കരശു തുടങ്ങിയവര്‍ പങ്കെടുത്തു.

chandrika: