X

വീണ്ടും ചര്‍ച്ചയാവുന്ന സ്റ്റാന്‍സാമി- എഡിറ്റോറിയല്‍

ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ഫാദര്‍ സ്റ്റാന്‍സാമിയുടെ കംപ്യൂട്ടറില്‍ കൃത്രിമം നടത്തിയെന്ന അമേരിക്കന്‍ ഫോറന്‍സിക് കമ്പനിയുടെ വെളിപ്പെടുത്തലിലൂടെ സാമിയുടെ അറസ്റ്റും മരണവും വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്. സ്റ്റാന്‍സാമിയെ കുടുക്കുന്നതിനായി കംപ്യൂട്ടര്‍ ഹാക്കിങ്ങിലൂടെ രേഖകള്‍ സ്ഥാപിക്കുകയായിരുന്നുവെന്നും ബോസ്റ്റനില്‍ പ്രവര്‍ത്തിക്കുന്ന ആഴ്‌സനല്‍ കണ്‍സല്‍ട്ടിങ് എന്ന സ്ഥാപനം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കസ്റ്റഡിയില്‍ വെച്ചു മരണപ്പെട്ട സാമിയെ, മാവോയിസ്റ്റ് അനുകൂല സ്വഭാവമുള്ള ഈ രേഖകളെ അടിസ്ഥാനമാക്കിയായിരുന്നു എന്‍.ഐ.എ അറസ്റ്റു ചെയ്തതും കസ്റ്റഡിയില്‍ വച്ച് പീഡിപ്പിച്ചതും. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ബി.ജെ.പി നേതാക്കളെ വധിക്കാന്‍ മാവോയിസ്റ്റുകളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എന്‍.ഐ.എ സ്റ്റാന്‍സാമിക്കെതിരെ ഉന്നയിച്ച ആരോപണം. എന്നാല്‍ ഈ രേഖകളെല്ലാം ഹാക്കിങ് വഴി സ്റ്റാന്‍സാമി അറിയാതെ അദ്ദേഹത്തിന്റെ ലാപ്‌ടോപ്പില്‍ സ്ഥാപിച്ചതാണെന്നാണ് പുതിയ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്.

യു.എ.പി.എ നിയമപ്രകാരം രാജ്യത്ത് അറസ്റ്റിലാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തികൂടിയായ ജെസ്യൂട്ട് സഭാ വൈദികനായ ഫാദര്‍ സ്റ്റാന്‍സാമി ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചുള്ള ആദിവാസി അവകാശ പ്രവര്‍ത്തകനായിരുന്നു. ഭൂമി, വനം, തൊഴില്‍ അവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ കേന്ദ്രീകരിച്ച് മൂന്ന് പതിറ്റാണ്ടോളം ആദിവാസി സമൂഹത്തിനിടയില്‍ പ്രവര്‍ത്തിച്ചു എന്നതാണ് അദ്ദേഹത്തിന്റെ മേല്‍ ഭരണകൂടം കണ്ടതെറ്റ്. ആദിവാസി വിഭാഗങ്ങളുടെ സംരക്ഷണം, ക്ഷേമം, വികസനം എന്നിവക്കായി അവര്‍ ഉള്‍പ്പെടുന്ന ഗോത്ര ഉപദേശക സമിതി രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ അഞ്ചാം പട്ടിക നടപ്പാക്കാത്തതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അദ്ദേഹം ചോദ്യം ചെയ്യുകയുണ്ടായി. ഇതിനു പുറമെ നക്‌സലുകള്‍ എന്ന് ചാപ്പകുത്തി ആയിരക്കണക്കിന് ആദിവാസി ചെറുപ്പക്കാരുള്‍പ്പെടെയുള്ളവരെ വിവിധ അന്വേഷണ ഏജന്‍സികള്‍ വിവേചന രഹിതമായി അറസ്റ്റു ചെയ്യുന്നതിനെതിരെ രംഗത്തുവന്നതും അദ്ദേഹത്തെ ഭരണകൂടത്തിന്റെ കണ്ണിലെ കരടാക്കിമാറ്റുകയായിരുന്നു.

സര്‍ക്കാറിന്റെ നയങ്ങളോടും ഭരണഘടനാ അവകാശങ്ങളെ ലംഘിക്കുന്ന തരത്തില്‍ നിര്‍മിക്കുന്ന നിയമങ്ങളോടും വിയോജിപ്പ് പ്രകടിപ്പിക്കുന്നതാണ് ഭരണകൂടത്തിന് തന്നോടുള്ള വിരോധത്തിന്റെ കാതലെന്ന് മരണത്തിനു മുന്നെ സാമി തന്നെ പറഞ്ഞുവെച്ചിരുന്നു. ഭീമ കൊറേഗാവ് കേസില്‍ എല്ലാ പ്രതികള്‍ക്കും നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നായിരുന്നു എന്‍.ഐ.എയുടെ ആരോപണം. ഈ കാരണത്തിലാണ് സ്റ്റാന്‍സാമിയെ അറസ്റ്റുചെയ്തത്. ചണ്ഡീഗഡിലെ ആദിവാസി വിഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന സാമൂഹിക പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജ്, നാഗ്പൂരിലെ അഭിഭാഷകന്‍ സുരേന്ദ്ര ഗഡ്‌ലിങ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഹാനി ബാബു, സാംസ്‌കാരിക സംഘടനയായ കബീര്‍ കലാ മഞ്ചിലെ മൂന്നു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഇതേ കേസില്‍ അറസ്റ്റിലായിരുന്നു. കസ്റ്റഡിയിലും കടുത്ത പീഡനത്തിനാണ് സ്റ്റാന്‍സാമി ഇരയായിരുന്നത്. അറസ്റ്റുചെയ്യപ്പെടുമ്പോള്‍ 83 വയസുണ്ടായിരുന്ന ഈ വന്ദ്യവയോധികന്‍ പാര്‍ക്കിന്‍സണ്‍ രോഗത്തിനിരയായിരുന്നു. കൈവിറക്കുന്നതു കാരണം ഗ്ലാസെടുത്ത് വെള്ളംകുടിക്കാന്‍ സാധിക്കാതിരുന്ന അദ്ദേഹം ജയിലില്‍ സിപ്പര്‍ ആവശ്യപ്പെട്ടെങ്കിലും അതു നല്‍കാന്‍ പോലും അധികൃതര്‍ തയാറായിരുന്നില്ല.

നരേന്ദ്ര മോദിയുടെ ഭരണകാലത്ത് രാജ്യത്തെ ആദിവാസികളുടെയും പിന്നോക്കക്കാരുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരുടെയെല്ലാം അവസ്ഥ എന്താണെന്നതിന്റെ ഏറ്റവും പ്രമുഖമായ ഉദാഹരണമായിരുന്നു ഫാദര്‍സ്റ്റാന്‍സാമിയുടെ ജീവിതം. കൃത്രിമ തെളിവുകളുണ്ടാക്കി അറസ്റ്റു ചെയ്യുകയും പിന്നീട് പുറംലോകം കാണാന്‍ അവസരം നല്‍കാതിരിക്കുകയും ചെയ്യുന്നു. രാജ്യത്തെ പിന്നോക്കക്കാര്‍ എന്നും പിന്നോക്കക്കാരനായി നില്‍ക്കണമെന്ന സംഘ്പരിവാര്‍ ശക്തികളുടെ സവര്‍ണ മനോഭാവമാണ് ഇവിടെ മറനീക്കിപുറത്തുവരുന്നത്. ആദിവാസികളേയും ദളിതരേയും ഒരു നിലക്കും അംഗീകാതിരിക്കുകയും അതോടൊപ്പം വര്‍ഗീയ ധ്രുവീകരണത്തിനും അധികാരം നിലനിര്‍ത്തുന്നതിനും അവരെ കൃത്യമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന വഞ്ചനാപരമായ സമീപനമാണ് എക്കാലവും സംഘപരിവാറിന്റേത്. അതുകൊണ്ട് തന്നെ ആ വിഭാഗങ്ങള്‍ക്കുവേണ്ടി സംസാരിക്കാനോ അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാനോ ആര് രംഗത്തുവരുന്നതും ഫാസിസ്റ്റുകളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. അത്‌കൊണ്ട് തന്നെയാണ് ഇത്തരം മനുഷ്യത്വരഹിതമായ സമീപനം ഭരണകൂടത്തിന്റെ പക്കല്‍നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്.

web desk 3: