X

കാളിയജ്ഞത്തിന് മനുഷ്യ രക്തം, നടപടി സ്വീകരിക്കുമെന്ന് മന്ത്രി : ചടങ്ങ് ഉപേക്ഷിച്ചു

തിരുവനന്തപുരം: വിതുര വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തിലെ രക്താഭിഷേക ചടങ്ങ് ഉപേക്ഷിച്ചു. മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന ചടങ്ങിനെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചതിനു പിന്നാലെയാണ് ഈ മാസം 12 ന് ചടങ്ങ് നടത്താനിരിക്കെയാണ് ക്ഷേത്ര ഭരണ സമിതിയുടെ പുതിയ തീരുമാനം.ചടങ്ങിനെക്കുറിച്ച് തെറ്റിദ്ധാരണ വന്ന സാഹചര്യത്തിലാണ് ഉത്തരമൊരു നീക്കമെന്നും ഭരണസമിതിയുടെ വിശദീകരണത്തില്‍ പറയുന്നു.

സിറിഞ്ച് വഴി രക്തം സ്വീകരിച്ച് ആ രക്തം കൊണ്ട് കാളീവിഗ്രഹം കുളിപ്പിക്കുമെന്നാണ് ചടങ്ങിനെക്കുറിച്ച് നോട്ടീസില്‍ ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. മനുഷ്യരുടെ രക്തം എടുത്ത് അതില്‍ ദേവീവിഗ്രഹത്തെ കുളിപ്പിക്കുന്ന ഈ ചടങ്ങിനെപ്പറ്റി പ്രമുഖ മലയാള ന്യൂസ് ചാനല്‍ നല്‍കിയ വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് ചടങ്ങിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടക്കം പല പ്രമുഖരും രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ചടങ്ങ് ഉപേക്ഷിക്കാനുള്ള തീരുമാനം ക്ഷേത്രഭാരവാഹികള്‍ കൈക്കൊണ്ടത്.

മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന പ്രാകൃതമായ ഈ ആചാരം ഒരു കാരണവശാലും അനുവദിക്കാന്‍ സാധിക്കില്ലെന്നും ഇത്തരം സംഭവങ്ങള്‍ കേരളത്തിനാകെ അപമാനമാണെന്നും നരബലിയും മൃഗബലിയും പോലുള്ള അനാചാരങ്ങള്‍ നവോത്ഥാന മുന്നേറ്റത്തില്‍ ഉപേക്ഷിച്ച കേരളത്തില്‍ അസംബന്ധ ആചാരങ്ങളുടെ തിരിച്ചു വരവിനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും ഇതിനെതിരെ നടപടി സ്വികരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഈ പ്രവൃത്തി എന്തു വില കൊടുത്തും തടയണമെന്ന് തിരുവനന്തപുരം റൂറല്‍ എസ്.പിയോടും ജില്ലാ കളക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അനാചാരത്തിന് ഒരു വര്‍ഗ്ഗീയ സംഘടനയുടെ പിന്തുണയുണ്ടെന്നാണ് വിവരമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കുന്നു.

chandrika: