X

വംശീയ യുദ്ധം : കോംഗോയിലെ 20 ലക്ഷം കുട്ടികള്‍ പട്ടിണിയുടെ പിടിയില്‍

കിന്‍ഷാസ: വംശീയ യുദ്ധം തുടരുന്ന കോംഗോയില്‍ 20 ലക്ഷത്തിലേറെ കുട്ടികള്‍ പട്ടിണിയുടെ പിടിയിലാണെന്ന് ഐക്യരാഷ്ട്രസഭ. ദയനീയ സ്ഥിതിയില്‍നിന്ന് കോംഗോ ജനതയെ രക്ഷിക്കുന്നതിന് അടിയന്തര സഹായം വേണമെന്ന് യു.എന്‍ വക്താവ് ജെന്‍സ് ലെയര്‍ക് പറഞ്ഞു. മാനുഷിക കാര്യങ്ങള്‍ക്കായുള്ള അണ്ടര്‍ സെക്രട്ടറി ജനറല്‍ മാര്‍ക് ലോകോക്കും സഹായദാതാക്കളായ രാജ്യങ്ങളും തമ്മില്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് കോംഗോയിലെ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് യു.എന്‍ പ്രസ്താവന ഇറക്കിയത്. കടുത്ത ക്ഷാമത്തിലേക്കാണ് കോംഗോ നീങ്ങുന്നത്. ഇരുപത് ലക്ഷത്തിലേറെ പേര്‍ക്ക് അടിയന്തര സഹായം വേണം.

പ്രസിഡന്റ് ജോസഫ് കബീലക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളും വംശീയ യുദ്ധങ്ങളും രാജ്യത്തെ സാമ്പത്തികമായി തകര്‍ത്തിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഇതുരി പ്രവിശ്യയില്‍ കന്നുകാലികളെ വളര്‍ത്തി ഉപജീവനം തേടുന്ന ഹെമ വിഭാഗക്കാരും ലെന്‍ഡു കര്‍ഷകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 79 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹെമ, ലെന്‍ഡു വംശീയ പോരിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അക്രമങ്ങള്‍ കാരണം വര്‍ഷങ്ങളായി കര്‍ഷകര്‍ക്ക് കൃഷിചെയ്യാന്‍ സാധിക്കുന്നില്ല. ഇത് കടുത്ത ഭക്ഷ്യക്ഷാമത്തിന് കാരണമായി.

കോംഗോയില്‍ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിച്ച് യു.എന്‍ ഏജന്‍സികള്‍ സജീവമാണ്. എന്നാല്‍ ക്ഷാമത്തെ മറികടക്കാന്‍ അവയൊന്നും പര്യാപതമല്ല. സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങള്‍ പലതും വാക്കു പാലിക്കാത്തത് ഏജന്‍സികളെ പ്രയാസപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടതിന്റെ അഞ്ച് ശതമാനം സഹായം മാത്രമാണ് ലഭിച്ചത്.

chandrika: