X

ഫലസ്തീനെതിരായ അധിനിവേശത്തെ വിമര്‍ശിച്ചും തയ്യാറല്ലയെന്നറിച്ചും സൈന്യത്തിന് ഇസ്രയേല്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയ കത്ത് ലോക ശ്രദ്ധപിടിച്ചുപറ്റുന്നു

 

ടെല്‍ അവിവ്: ഫലസ്തീനെതിരായ ഇസ്രയേല്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് നിര്‍ബന്ധിത സൈനിക സേവനത്തിന് വിസമ്മതിച്ച് ഇസ്രഈലി വിദ്യാര്‍ഥികള്‍ സൈന്യത്തിന് നല്‍കിയ കത്ത് ലോകശ്രദ്ധ പിടിച്ചു പറ്റുന്നു. നിര്‍ബന്ധിത സൈനിക സേവനം നടത്താന്‍ തയ്യാറല്ലെന്നും ഇസ്രഈലിന്റെ വംശീയ സര്‍ക്കാറിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു നല്‍കിയ കത്തില്‍ 63 ഇസ്രയേല്‍ വിദ്യാര്‍ത്ഥികളാണ് ഒപ്പുവെച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കത്തിനെ അനുകൂലിച്ച് ഇപ്പോള്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഗാസ സ്ട്രിപ്പിലെ ഇസ്രയേലിന്റെ ഉപരോധത്തെയും നിയമവിരുദ്ധ വെസ്റ്റ്ബാങ്ക് ഒത്തുതീര്‍പ്പിനെയും കത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ‘ അടിസ്ഥാന മനുഷ്യാവകാശം നിഷേധിക്കുന്ന വംശീയ സര്‍ക്കാറിന്റെ നയങ്ങളെയാണ് സൈന്യം നടപ്പിലാക്കുന്നത്. ഒരേ മേഖലയില്‍ ഇസ്രയേലികള്‍ക്ക് ഒരു നിയമവും ഫലസ്തീനികള്‍ക്ക് മറ്റൊരു നിയമവും നടപ്പിലാക്കുകയാണ്.’ എന്നും കത്തില്‍ പറയുന്നു.

മേഖലയില്‍ ദശാബ്ദങ്ങളായി തുടരുന്ന സംഘര്‍ഷത്തിന് ഇസ്രയേലി സര്‍ക്കാറിനെയും ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്സിനെയും (ഐ.ഡി.എഫ്) കുറ്റപ്പെടുത്തുന്ന വിദ്യാര്‍ഥികള്‍ ‘ ഫലസ്തീനിയന്‍ ജനതയ്ക്കെതിരായ അടിച്ചമര്‍ത്തലിലും അധിനിവേശത്തിലും പങ്കാളികളാവില്ലെന്ന് തീരുമാനിച്ചു’ എന്നും പറയുന്നു. ചെറുപ്രായത്തില്‍ തന്നെ ‘മിലിറ്ററിസം’ സംസ്‌കാരത്തിലേക്ക് ഇസ്രഈലി യുവത്വം വലിച്ചിഴക്കപ്പെടുകയാണെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. കത്തിനോട് ഐ.ഡി.എഫ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇസ്രയേലി പൗരന്മാരില്‍ 18 വയസിനു മുകളിലുള്ള എല്ലാ ജൂതന്മാരും ഡ്രസെകളും സര്‍കാസിയനും ഐ.ഡി.എഫില്‍ സേവനമനുഷ്ടിക്കണമെന്ന നിര്‍ബന്ധമുണ്ട്. ഇസ്രയേലിലെ അറബ് ന്യൂനപക്ഷത്തെ മാത്രമാണ് ഇതില്‍ നിന്നും ഒഴിവാക്കിയത്. പുരുഷന്മാര്‍ രണ്ടുവര്‍ഷവും എട്ടുമാസവും, സ്ത്രീകള്‍ രണ്ടുവര്‍ഷവും സേവനം പൂര്‍ത്തിയാക്കണമെന്നാണ് നിയമം.

ഇതിനു തയ്യാറാവാത്തവരെ ഐ.ഡി.എഫ് ജയിലിലയക്കും. നേരത്തെ കഴിഞ്ഞ ജൂലൈയില്‍ 19 കാരിയായ നോവ ഗുര്‍ ഗോലനെ ഇത്തരത്തില്‍ സൈനിക തടവിലിട്ടിരുന്നു. ‘ഹിംസ നിര്‍ബന്ധമായ ഒരു യാഥാര്‍ത്ഥ്യത്തിലേക്ക് തനിക്കു പങ്കുചേരാനാവില്ല’ എന്നു പറഞ്ഞുകൊണ്ടായിരുന്നു ഗോലന്‍ സൈനിക സേവനത്തിന് അന്ന് തയ്യാറാവാതിരുന്നത്.

chandrika: