X
    Categories: CultureMoreViews

ഇസ്രായേല്‍ സൈനികരുടെ മുഖത്തടിച്ചതിന് ജയിലില്‍ പോയ അഹദ് തമീമിക്ക് മോചനം

വെസ്റ്റ്ബാങ്ക്: ഫലസ്തീനികളുടെ പ്രതിരോധത്തിന്റെ യുവ മുഖമാണ് തമീമി അഹദ് തമീമിയും ഉമ്മയും ജയില്‍ മോചിതരായി. എട്ട് മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് തമീമിയും ഉമ്മയും മോചിതരായത്. ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ തന്റെ ബന്ധുവിന് തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് തമീമി സൈനികരെ ഒറ്റക്ക് നേരിട്ടത്. വെസ്റ്റ്ബാങ്കിലെ തന്റെ വീടിന് സമീപം ആയുധമേന്തിയ രണ്ട് ഇസ്രായേല്‍ സൈനികരുടെ മുഖത്തടിച്ചായിരുന്നു തമീമിയുടെ പ്രതിഷേധം.

തമീമി സൈനികരുടെ മുഖത്തടിക്കുന്ന വീഡിയോ വൈറലായതോടെ ഫലസ്തീന്‍ പ്രതിരോധത്തിന്റെ യുവ മുഖമായി തമീമി മാറി. ഡിസംബര്‍ 19ന് തമീമിക്ക് 16 വയസുള്ളപ്പോഴായിരുന്നു സംഭവം നടന്നത്. നാല് ദിവസത്തിന് ശേഷം തമീമിയേയും മാതാവ് നരിമാന്‍ തമീമിയേയും ബന്ധു നൂറിനേയും പൊലീസ് അറസ്റ്റ് ചെയ്തു. തമീമി സൈനികരെ അടിക്കുമ്പോള്‍ മാതാവും കൂടെയുണ്ടായിരുന്നു. കുടുംബത്തിന്റെ പ്രേരണയാലാണ് തമീമി സൈനികരെ അടിച്ചതെന്നായിരുന്നു ഇസ്രായേല്‍ ആരോപണം.

തമീമിയുടെ മോചനത്തില്‍ സന്തോഷവാനാണെന്ന് പിതാവ് ബാസിം പ്രതികരിച്ചു. എനിക്ക് ഇത് വളരെയധികം സന്തോഷകരമായ നിമിഷമാണ്. എന്നാല്‍ ഇസ്രായേല്‍ അധിനിവേശം ഇപ്പോഴും ഞങ്ങളുടെ പ്രദേശത്ത് തുടരുന്നതില്‍ വളരെയധികം വിഷമമുണ്ട്-ബാസിം പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: