X
    Categories: MoreViews

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: രണ്ട് പ്രതികള്‍ക്ക് വധശിക്ഷ

ഉദയകുമാറിന്റെ അമ്മ

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച് ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ കുറ്റക്കാരായ പ്രതികളില്‍ രണ്ടുപേര്‍ക്ക് വധശിക്ഷ. ഒന്നാം പ്രതിയായ കെ. ജിതകുമാര്‍, രണ്ടാംപ്രതി എസ്. വി ശ്രീകുമാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. മറ്റ് മൂന്ന് പ്രതികളായ അജിത് കുമാര്‍, ഇ.കെ സാബു, എ.കെ ഹരിദാസ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവ് വിധിച്ചു. രണ്ട് ലക്ഷം രൂപ വീതം പിഴയും ഇവര്‍ക്ക് വിധിച്ചിട്ടുണ്ട്.
ഒന്നും രണ്ടും പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും മറ്റ് മൂന്നുപേര്‍ക്കെതിരെ ഗൂഢാലോചനാ കുറ്റവുമാണ് കോടതി ചുമത്തിയിട്ടുള്ളത്.

2005 സെപ്തംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നില്‍ക്കെയാണ് ഉദയകുമാറിനെ ഫോര്‍ട്ട് സ്‌റ്റേഷനിലെ പൊലീസുകാരായിരുന്ന ജിതകുമാറും ശ്രീകുമാറും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്. ഫോര്‍ട്ട് സ്‌റ്റേഷനിലെത്തിച്ച് മറ്റൊരുപ്രതിയായ സോമനും ചേര്‍ന്ന് ലോക്കപ്പില്‍ ഉരുട്ടികൊലപ്പെടുത്തുകയായിരുന്നു.

എസ്‌ഐ ആയിരുന്ന അജിത് കുമാര്‍, സിഐ ആയിരുന്ന ഇ കെ സാബു, അസി. കമീഷണറായിരുന്ന എ കെ ഹരിദാസ് എന്നിവര്‍ പ്രതികളെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തി വ്യാജരേഖ ചമച്ച് കള്ളക്കേസ് എടുത്തു. ആദ്യം ക്രൈംബ്രാഞ്ച്‌ അന്വേഷിച്ച കേസില്‍ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവരായിരുന്നു പ്രതികള്‍. വിചാരണസമയത്ത് ദൃക്‌സാക്ഷികള്‍ കൂറുമാറിയതോടെ വിചാരണ അട്ടിമറിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് കേസ് സിബിഐക്കു കൈമാറി.

കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നിങ്ങനെ രണ്ടുകേസായി സിബിഐ കുറ്റപത്രം ഫയല്‍ചെയ്തു. രണ്ടിലും ഒന്നിച്ച് വിചാരണ ആരംഭിച്ചു. പ്രതികള്‍ ചെയ്തത് ഹീനമായ കുറ്റമാണെന്ന് കോടതി കണ്ടെത്തി.

chandrika: